കാലഭേദങ്ങള്‍ക്ക് അനുസരിച്ച് ജീവിതചര്യ ചിട്ടപ്പെടുത്തിയാല്‍ രോഗങ്ങള്‍ അകന്നുനില്‍ക്കുമെന്ന് ആയുര്‍വേദം അനുശാസിക്കുന്നു. വായുവും ഭൂമിയും ചുട്ടുപഴുക്കുന്ന വേനലില്‍ സൂര്യന്‍, മനുഷ്യശരീരത്തിലെ ശക്തിയെ വലിച്ചെടുക്കുന്നുവെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. അതിന്റെ ഫലമായി ശരീരത്തില്‍ കഫം കുറയുകയും വാതം വര്‍ധിക്കുകയും ചെയ്യുന്നു. അമിതമായി വിയര്‍ക്കുന്നതു കാരണം ശരീരത്തിലെ ധാതുലവണങ്ങള്‍ നഷ്ടപ്പെടുകയും ക്ഷീണം, തളര്‍ച്ച, ദാഹം, പേശികള്‍ക്ക് സങ്കോചം, തലവേദന, രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം, മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ അനുഭവപ്പെടുന്നു. രോഗപ്രതിരോധശക്തി കുറയുന്നതിനാല്‍ വേനല്‍ക്കാലത്ത് പകര്‍ച്ച വ്യാധികള്‍ വരാനും സാധ്യത കൂടും.
എന്നാല്‍ ഈ ദോഷങ്ങളുടെ കാഠിന്യം കുറച്ച് ആരോഗ്യം നിലനിര്‍ത്തുന്നതിന് ആയുര്‍വേദത്തിലെ ഋതുചര്യയില്‍ ചില ചിട്ടകള്‍ അനുശാസിക്കുന്നുണ്ട്.
രണ്ടുനേരം കുളിക്കാം
വേനല്‍ക്കാലത്ത് സൂര്യോദയത്തിനു മുമ്പ് കുളിക്കണമെന്നാണ് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്. സൂര്യനുദിക്കും മുന്‍പെ കുളി കഴിഞ്ഞാല്‍ ശരീരക്ഷീണം ഉണ്ടാവില്ല. സൂര്യനുദിച്ച ശേഷം കുളിച്ചാല്‍ ഉടനെ വിയര്‍ക്കും. അതുകൊണ്ട് കുളിച്ചതിന്റെ ഫലം കിട്ടില്ല. വിയര്‍പ്പ് നെറുകയിലിറങ്ങി തലവേദന വരാനും ഇടയുണ്ട്.
ദിവസം രണ്ടു നേരം കുളി വേനല്‍ക്കാലത്ത് നിര്‍ബന്ധമാക്കുന്നത് നന്നായിരിക്കും. രാവിലെ സൂര്യോദയത്തിനു മുന്‍പാണെങ്കില്‍ വൈകുന്നേരത്തെ കുളി സൂര്യാസ്തമനത്തിന് ശേഷം അത്താഴത്തിന് മുന്‍പായി വേണം.
ദേഹശുദ്ധി വരുത്താന്‍ തിളപ്പിച്ചാറിയ വെള്ളവും തലകുളിക്കാന്‍ പച്ചവെള്ളവുമാണ് നല്ലത്. ദിവസവും ഒരു നേരം നാല്‍പ്പാമരാദി, ചെമ്പരത്യാദി, പഞ്ചവല്‍ക്കാദി എന്നീ വെളിച്ചെണ്ണയില്‍ ഏതെങ്കിലുമൊന്ന് തേച്ചു കുളിക്കാം. തൈലം ശരീരത്തില്‍ നന്നായി തേച്ച് പിടിപ്പിച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. വേനല്‍ക്കാലത്ത് ശരീരം വരളുന്നതു കൊണ്ട് സോപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. പകരം ചെറുപയറ് പൊടി, തേങ്ങാപ്പാല്‍ എന്നിവ ഉപയോഗിക്കാം.
വേപ്പിലയും പച്ചമഞ്ഞളും അരച്ച് തേക്കുന്നത് പൂപ്പല്‍ബാധപോലുള്ള ചര്‍മ്മ രോഗങ്ങളെ തടയും. തലയില്‍ തേക്കാന്‍ ജീരകമോ, തുളസിയിലയോ, ഇരട്ടിമധുരമോ ഇട്ട് മൂപ്പിച്ച വെളിച്ചെണ്ണ നന്ന്. ഇത് തലയ്ക്ക് ദിവസം മുഴുവന്‍ തണുപ്പ് പകരും. എണ്ണ കഴുകി കളയാന്‍ താളി തന്നെ ഉത്തമം. ചെമ്പരത്തി, കുറുന്തോട്ടി, വെള്ളില എന്നിവ ഉപയോഗിക്കാം. നെല്ലിക്കാതോട് തലേന്ന് വെള്ളത്തിലിട്ടു വെച്ച് അരച്ച് തലയില്‍ തേക്കുന്നതും നല്ലതാണ്. ചെറുപയര്‍ പൊടി കഞ്ഞിവെള്ളത്തില്‍ കലക്കി ഷാംപൂ പോലെ ഉപയോഗിക്കുകയുമാവാം. കുളികഴിഞ്ഞാല്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മുടി പൊട്ടിപ്പോകും. ഫാനിന്റെ ഇളം കാറ്റേല്‍പ്പിക്കുന്നത് തെറ്റില്ല.
മുടി നനവ് വിടാതെ കെട്ടിവെക്കരുത്. തലയോട്ടിയില്‍ ചൂടുകുരു, താരന്‍ എന്നിവ വരാം. കുളി കഴിഞ്ഞ ശേഷം ചന്ദനം അല്പം കര്‍പ്പൂരം ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുന്നത് ശരീരത്തെ മുഴുവന്‍ തണുപ്പിക്കും.
കോട്ടണ്‍ വസ്ത്രങ്ങള്‍ നല്ലത്
ചൂടിനെ ഒട്ടും വകവെക്കാതെയുള്ള നടത്തം വേനല്‍ക്കാലത്ത് ഒഴിവാക്കുക. കഴിയുന്നത്ര വെയിലു കൊള്ളാതെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പകല്‍ 11 മുതല്‍ 3 വരെയുള്ള സമയം. ഈ സമയത്ത് യാത്ര ചെയ്യേണ്ടി വരുന്നവര്‍ കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക. വെയിലത്ത് ജോലിയെടുക്കേണ്ടി വരുകയാണെങ്കില്‍ ശരീരം മറയ്ക്കുന്ന വിധം കോട്ടണ്‍ വസ്ത്രം ധരിക്കുന്നത് നന്നായിരിക്കും.
കോട്ടണ്‍ വസ്ത്രങ്ങളാണ് ചൂടുകാലത്ത് നല്ലത്. ഇവ ഈര്‍പ്പം അധികമായി വലിച്ചെടുക്കാത്തതുകൊണ്ട് ചൂട് കുറയും. കടും നിറങ്ങളേക്കാള്‍ ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് വേനല്‍ക്കാലത്ത് നല്ലത്. പോളിയസ്റ്റര്‍, നൈലോണ്‍, സില്‍ക് വസ്ത്രങ്ങള്‍ ഒഴിവാക്കണം. ഇറുകിയ ജീന്‍സ് വസ്ത്രങ്ങളും ചൂടു കൂട്ടും. വേനല്‍ക്കാലത്ത് രണ്ടുനേരം വസ്ത്രം മാറുന്നത് നല്ലതുതന്നെ. നനവുള്ള അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണം.
വ്യായാമം സൂര്യോദയത്തിന് മുന്‍പ്
വേനല്‍ക്കാലത്ത് അധികം വ്യായാമം ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചൂടുകൂടുമ്പോള്‍ കഫം കുറയുന്നു. അതുകൊണ്ട് ശരീരബലവും ഈ സമയത്ത് കുറവായിരിക്കും. വ്യായാമവും കഠിന ശാരീരിക അധ്വാനവും ശരീരത്തെ കൂടുതല്‍ ക്ഷീണിപ്പിക്കും. പക്ഷേ, വ്യായാമം ശീലമാക്കിയവര്‍, പ്രമേഹരോഗികള്‍, രക്തസമ്മര്‍ദ്ദമനുഭവപ്പെടുന്നവര്‍ എന്നിവര്‍ പെട്ടെന്നൊരു നാള്‍ വ്യായാമം നിര്‍ത്തുന്നത് ദോഷമേ ഉണ്ടാക്കൂ. ഇക്കൂട്ടര്‍ക്ക് സൂര്യോദയത്തിന് മുന്‍പോ സൂര്യാസ്തമയത്തിന് ശേഷമോ ചെറിയ തോതില്‍ വ്യായാമമാവാം.
ലളിതമായ ഭക്ഷണം
വേനല്‍ക്കാലത്ത് വിശപ്പ് പൊതുവെ കുറവായിരിക്കും. ദഹനവും കുറവായിരിക്കുമെന്നതിനാല്‍ വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണമാണ് വേനല്‍ ക്കാലത്ത് വേണ്ടത്. വയറുപൊട്ടിപ്പോകുമെന്ന് തോന്നുംവരെ കഴിക്കുന്നത് നല്ലതല്ല. മധുരമുള്ളതും തണുത്തതും ദ്രവരൂപത്തിലുള്ളതുമായ ആഹാരമാണ് ചൂടുകാലത്ത് നല്ലത്. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
ഉപ്പ്, പുളി, എരുവ് കുറയ്ക്കണം. ഇവ തീക്ഷ്ണ രുചികളില്‍ പെടും. തീക്ഷ്ണ രുചി ശരീരത്തെ ക്ഷീണിപ്പിക്കും. ഉപ്പ് അധികം കഴിക്കുന്നത് മുടികൊഴിച്ചില്‍, അകാലനര, രക്തദുഷ്ടി, രക്തവാതം പോലുള്ള അസുഖങ്ങള്‍ക്ക് ഇടയാക്കും. എരുവ് കൂടിയ ഭക്ഷണം അള്‍സറുണ്ടാക്കും. അരക്കെട്ടിലും മുതുകിലും വേദനയ്ക്ക് ഇതു കാരണമാകും. പുളി കൂടിയാല്‍ തിമിരം, ചര്‍മരോഗങ്ങള്‍, വിളര്‍ച്ച എന്നിവ വരാം.
ചൂടുകാലത്ത് ധാന്യങ്ങളില്‍ ചെന്നല്ലരി, നവരയരി, ഗോതമ്പ്, റാഗി എന്നിവ ശ്രേഷ്ഠം. മൈദ, റവ എന്നിവ ഒഴിവാക്കണം. ഇവ ദഹിക്കാന്‍ ശരീരം കൂടുതല്‍ ഊര്‍ജ്ജം ചെലവിടേണ്ടി വരുമെന്നതാണ് കാരണം. ഇത് ശരീരത്തെ ക്ഷീണിപ്പിക്കും.
വെള്ളരിക്ക, പടവലങ്ങ, കുമ്പളങ്ങ, പാവക്ക, തക്കാളി, ഉള്ളി, ബീറ്റ്റൂട്ട്, കാരറ്റ്, ബീന്‍സ് തുടങ്ങിയ നീരുള്ള പച്ചക്കറികള്‍ ധാരാളമായി ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഉരുളക്കിഴങ്ങ്, കപ്പ, പപ്പായ, വെളുത്തുള്ളി, കൂര്‍ക്ക എന്നിവ ചൂടാണ്. ഇവയുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കണം. പയറുവര്‍ഗത്തില്‍ ചെറുപയറ്, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ് ഉപയോഗിക്കാം. പക്ഷേ, മുതിര, വന്‍പയറ്, എള്ള് എന്നിവ ശരീരത്തെ ചൂട് പിടിപ്പിക്കും.
പഴങ്ങളില്‍ തണ്ണിമത്തന്‍, പനനൊങ്ക്, ഓറഞ്ച്, മുന്തിരി, മൂസമ്പി, ഇളനീര്‍, ചക്ക, മാങ്ങ, ചെറുപഴം എന്നിവ ജലാംശം കൂടുതലുള്ളവയാണ്. ഇവ നന്നായി കഴിക്കാം. കൈതച്ചക്ക, പപ്പായ എന്നിവ ദാഹം വര്‍ധിപ്പിക്കും.
മാംസങ്ങളില്‍ മുയല്‍, കാട, താറാവ്, താറാമുട്ട എന്നിവയും പൊതുവെ മത്സ്യങ്ങളും വേനല്‍ക്കാലത്ത് പഥ്യമാണ്. പക്ഷേ, കോഴിയിറച്ചി, കോഴിമുട്ട, ബീഫ്, ഉണക്കമീന്‍ ഇവ നല്ലതല്ല.
ദിവസം എട്ട് ഗ്ലാസ് വെള്ളം
വേനല്‍ക്കാലത്ത് ആരോഗ്യമുള്ള ഒരാള്‍ ദിവസം 8-10 ഗ്ലാസ് തണുത്ത വെള്ളം നിര്‍ബന്ധമായും കുടിക്കണം. പക്ഷേ, വേനല്‍ക്കാലത്ത് കിണറുകള്‍ വറ്റിവരളുമ്പോള്‍ കിട്ടുന്ന വെള്ളം എപ്പോഴും ശുദ്ധമായിരിക്കണമെന്നില്ല. അതുകൊണ്ട് തിളപ്പിച്ചാറ്റിയ വെള്ളം മണ്‍കുടത്തില്‍ സൂക്ഷിച്ചു വെച്ച് ഉപയോഗിക്കുന്നതാണ് ഉചിതം. ജീരകം, ചന്ദനം, രാമച്ചം, പതിമുഖം, കരിങ്ങാലി ഇവയിട്ട് തിളപ്പിച്ചാറിയ വെള്ളം ഇടയ്ക്കിടെ കുടിക്കാം. ജീരകവെള്ളം ദഹനത്തെ ഉണ്ടാക്കും. ചുക്ക്, കൊത്തമല്ലി, കൂവ ഇവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രമൊഴിഞ്ഞ് പോകാനും ദാഹം ശമിപ്പിക്കാനും നല്ലതാണ്.
Post Your Comments