KeralaLatest News

ഇന്നലെ പണിമുടക്കിലും തുറന്ന് ലുലു മാൾ: ഇന്ന് ജീവനക്കാരെ ഗേറ്റിനു മുന്നിൽ തടഞ്ഞ് പ്രതിഷേധവുമായി സമരക്കാർ

പണി മുടക്കില്‍ നിന്നും ലുലുമാളിനെ ഒഴിവാക്കിയത് ഇന്നലെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ്, ലുലു ജീവനക്കാരെ സമരക്കാര്‍ തടഞ്ഞത്.

തിരുവനന്തപുരം: ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരാനുകൂലികള്‍. സമരവുമായെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ലുലു ജീവനക്കാരെ ഗേറ്റിന് മുന്നില്‍ തടഞ്ഞുനിര്‍ത്തുകയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. 11 മണിക്ക് മാളില്‍ ജോലിക്കെത്തണമെന്നാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദേശമെന്നാണ് ലുലു ജീവനക്കാര്‍ പറഞ്ഞത്. പണി മുടക്കില്‍ നിന്നും ലുലുമാളിനെ ഒഴിവാക്കിയത് ഇന്നലെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ്, ലുലു ജീവനക്കാരെ സമരക്കാര്‍ തടഞ്ഞത്.

അതേസമയം, സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിരുന്നു. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ഇന്ന് ജോലിക്ക് പോകുമ്പോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതോടെ ഇന്ന് ജോലിക്ക് ഹാജരായില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല. അടിയന്തര സാഹചര്യത്തില്‍ ഒഴികെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവധി അനുവദിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. ജോലിക്ക് ഹാജരാകുന്നതിന് ജീവനക്കാര്‍ക്ക് മതിയായ യാത്രാ സൗകര്യം കെഎസ്ആര്‍ടിസിയും ജില്ലാ കളക്ടര്‍മാരും ഉറപ്പാക്കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

അതേസമയം, കോടതി ഉത്തരവിനെതിരെ സിപിഎം നേതാവ് എംവി ജയരാജൻ രംഗത്തെത്തി. ‘തൊഴിലാളികൾക്ക് പണിയെടുക്കാനും പണി മുടക്കാനുമുള്ള അവകാശമുണ്ട്. സമരം തൊഴിലാളിയുടെ അവകാശമാണ്. കോടതിയുടെ ഔദാര്യമല്ല. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലാണ് കോടതി ഇടപെടൽ വേണ്ടത്.’ പെട്രോൾ വില കുറയ്ക്കണമെന്നോ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കരുതെന്നോ കോടതി പറയാത്തത് എന്താണെന്ന് ചോദിച്ച ജയരാജൻ, സമരം ചെയ്യാൻ അവകാശമില്ലെന്ന് പറയാൻ വെള്ളരിക്കാപട്ടണമല്ലെന്നും കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വന്നത് ദൗർഭാഗ്യകരമാണെന്നും വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button