ബംഗളൂരു: ഹിജാബ് ക്ലാസ്മുറികളിൽ അനുവദിക്കില്ലെന്ന ഹൈക്കോടതി വിധി തെറ്റിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃതർ. ഇന്നലെയാണ് സംഭവം. എസ്എസ്എൽസി പരീക്ഷാ മേൽനോട്ടത്തിനെത്തിയ അധ്യാപികയെ ആണ് സസ്പെൻഡ് ചെയ്തത്. കുട്ടികൾ ഹിജാബ് അഴിച്ച് പരീക്ഷയ്ക്കെത്തിയപ്പോൾ, അധ്യാപിക ഹിജാബ് അണിഞ്ഞുകൊണ്ടായിരുന്നു ക്ലാസ്മുറിയിൽ പ്രവേശിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ ഇന്നലെ തന്നെ, അധ്യാപികയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
അതേസമയം, പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ബോർഡ് പരീക്ഷകൾ ഇന്നലെയാണ് ആരംഭിച്ചത്. നിരവധി വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് സ്കൂളിൽ എത്തിയെങ്കിലും, കോടതി വിധി പാലിക്കാൻ സ്കൂൾ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, വിദ്യാർത്ഥിനികളിൽ പലരും ഹിജാബ് അഴിച്ച് വെച്ചിട്ട് പരീക്ഷയെഴുതി. എന്നാൽ, മറ്റ് ചിലർ ഹിജാബ് ആണ് വലുതെന്ന് പറഞ്ഞ് പരീക്ഷയെഴുതാതെ തിരികെ വീട്ടിലേക്ക് മടങ്ങി. ഹുബ്ബള്ളി, ബാഗൽകോട്ട് ജില്ലകളിൽ ആണ് ഏറ്റവും അധികം വിദ്യാർത്ഥിനികൾ പരീക്ഷയെഴുതാതെ മടങ്ങിയത്.
കർണാടക സെക്കണ്ടറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡിന്റെ (കെഎസ്ഇഇബി) കണക്കനുസരിച്ച് 8.69 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എൻറോൾ ചെയ്തിരുന്നു. എന്നാൽ, 20,994 വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷയെഴുതിയില്ല. കഴിഞ്ഞ വർഷം 3769 പേർ മാത്രമായിരുന്നു ഹാജരാകാതിരുന്നത്. ഹിജാബ് വിവാദത്തെ തുടർന്നാണ് ഇത്രയധികം കുട്ടികൾ പരീക്ഷയെഴുത്താത് എന്നാണ് വിവരം. കഴിഞ്ഞ വർഷം 99.54% ആയിരുന്ന ഹാജർ ഈ വർഷം 97.59% ആയി കുറഞ്ഞതായി കെഎസ്ഇഇബി അറിയിച്ചു. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ, വിദ്യാഭ്യാസത്തിന് മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ള കർണാടക മന്ത്രിസഭയിലെ മന്ത്രിമാർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments