ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ഉപരിസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടമാകാന്‍ സാധ്യത. അതേസമയം, അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനം കണക്കിലെടുത്ത്, രാജ്യസഭയില്‍ കുറച്ച് സീറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ ബിജെപിക്ക് കഴിയും. 97 എന്ന നിലവിലെ കണക്കിൽ നിന്ന് ബിജെപിയുടെ എണ്ണം 104 ആയി ഉയരും, വര്‍ഷാവസാനത്തോടെ രാജ്യസഭയിലും 122 സീറ്റുകളുമായി എന്‍ഡിഎ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കും.
ഇക്കഴിഞ്ഞ, നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ വിധി ദയനീയമാണ്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള സ്ഥാനമാനങ്ങള്‍ ഇതിനകം തന്നെ കോണ്‍ഗ്രസിന് നഷ്ടമായി. സംസ്ഥാന നിയമസഭകളിലെ പ്രാതിനിധ്യം കുറഞ്ഞതോടെ രാജ്യസഭയില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടുമെന്ന് ഉറപ്പാണ്. കേരളം, അസം എന്നിവിടങ്ങളില്‍ നിന്ന് ഓരോ സീറ്റില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ അവസരമുണ്ട്. ഈ വര്‍ഷാവസാനത്തോടെ ഉപരിസഭയില്‍ എഴുപത്തഞ്ചിലധികം സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിലവില്‍ 34 അംഗങ്ങളുള്ള കോണ്‍ഗ്രസ് പാര്‍ട്ടി 27 ആയി ചുരുങ്ങും.
13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് മാർച്ച് 31ന് നടക്കുന്നത്. ഇതില്‍ പഞ്ചാബില്‍ നിന്ന് 5, കേരളത്തില്‍ നിന്ന് 3, അസമില്‍ നിന്ന് 2, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് ഓരോന്ന് വീതം അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. പഞ്ചാബിലെ 117 അസംബ്ലി സീറ്റുകളില്‍ 92 എണ്ണവും എഎപി നേടിയതോടെ അഞ്ച് രാജ്യസഭാ സീറ്റുകള്‍ എഎപിയുടെ കയ്യിലേക്ക് പോകും.
വര്‍ഷാവസാനത്തോടെ, ഉത്തര്‍പ്രദേശിലെ 13, ബിഹാറിലെ അഞ്ച്, രാജസ്ഥാനിലെ 4, മധ്യപ്രദേശില്‍ 3, പഞ്ചാബിലെ 2, ഉത്തരാഖണ്ഡിലെ ഒരു സീറ്റ് എന്നിങ്ങനെ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. നിലവില്‍, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വാധീനമുള്ളത്.
പ്രതിപക്ഷ നേതൃസ്ഥാനം നിലനിര്‍ത്താന്‍ ഒരു പാര്‍ട്ടിക്ക് സഭയിലെ മൊത്തം സീറ്റിന്റെ 10% എങ്കിലും കൈവശം വയ്ക്കേണ്ടത് അനിവാര്യമായതിനാല്‍ ഇത് കോണ്‍ഗ്രസിന് അപായ മണി മുഴക്കുന്നു. രാജ്യസഭയില്‍ 250 സീറ്റുകളാണുള്ളത്, അതില്‍ 238 സീറ്റുകള്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു, 12 എണ്ണം രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നു. അതിനാല്‍, പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം കോണ്‍ഗ്രസിന് നിലനിര്‍ത്താന്‍, സഭയില്‍ കുറഞ്ഞത് 25 സീറ്റെങ്കിലും നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്.
Post Your Comments