
തൃശൂര്‍: നഗരത്തിലെ വിവിധ റോഡുകളില്‍ ‘എല്‍’ എന്ന അടയാളം കണ്ടതിന്റെ ആശങ്കയിൽ നാട്ടുകാർ. കെ റെയില്‍ പദ്ധതിയുടെ ഭാഗമായി കല്ലിടല്‍ വ്യാപകമായതിനാല്‍ ഭൂമി ഏറ്റെടുക്കാനുള്ള അടയാളമാണോ ഈ ‘എൽ’ എന്നായിരുന്നു നാട്ടുകാരുടെ സംശയം.
രാത്രിയിലായിരുന്നു റോഡുകളില്‍ എല്‍ അടയാളം രേഖപ്പെടുത്തിയത്. ആരാണ് ഇത് വരച്ചതെന്ന് അറിയാന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുമായി നാട്ടുകാർ ബന്ധപ്പെട്ടുവെങ്കിലും അവര്‍ക്കു കാര്യം അറിയില്ലായിരുന്നു. അതിനിടെ, പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചും ചിലര്‍ കാര്യമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന്റെ സത്യാവസ്ഥ തിരിച്ചറിഞ്ഞത്. ഡ്രോണ്‍ സര്‍വേയുടെ ഭാഗമായി രേഖപ്പെടുത്തിയ അടയാളമാണ് ഇത്.
ഡ്രോണ്‍ ക്യാമറയില്‍ തെളിയാന്‍ വേണ്ടിയാണ് ഇതു അടയാളപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പൊലീസ് കാര്യം വിശദീകരിച്ചതോടെയാണ് നാട്ടുകാരുടെ ആശങ്ക മാറിയത്.
Post Your Comments