ന്യൂഡല്‍ഹി: ‘ആര്‍.എസ്.എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ’ എന്ന തലക്കെട്ടോട് കൂടി, ആർ.എസ്.എസിനെതിരെ ലേഖനമെഴുതിയ മാതൃഭൂമിക്ക് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. ലേഖനത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെയുള്ള മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന മാതൃഭൂമിയുടെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. സമാന ആവശ്യവുമായി മാതൃഭൂമി ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു ചെയ്തത്. ഹൈക്കോടതിയുടെ ഈ വിധിക്കെതിരായ അപ്പീലാണ് സുപ്രീം കോടതി ഇപ്പോൾ തീര്‍പ്പാക്കിയിരിക്കുന്നത്. ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചാണ് ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ ഹർജി തള്ളിയത്.
ജസ്റ്റിസ് സോഫിയ തോമസിന്റെ ഹൈക്കോടതി ബെഞ്ച് ആയിരുന്നു മാതൃഭൂമിയുടെ ഈ ആവശ്യം മുൻപ് തള്ളിയത്. ഇതിനു പിന്നാലെയാണ്, മാതൃഭൂമി സുപ്രീം കോടതിയെ സമീപിച്ചത്. മാതൃഭൂമി കമ്പനിക്കും ഒമ്പതുപേര്‍ക്കുമെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പുതിയ വിധി. ആര്‍എസ്എസിനെതിരായ ലേഖനം നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ആർ.എസ്.എസിന്റെ സംസ്ഥാന സെക്രട്ടറി പി ഗോപാലന്‍ കുട്ടി മാസ്റ്ററായിരുന്നു മാതൃഭൂമിക്കെതിരെ പരാതി നൽകിയത്. 2011 ലായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ആര്‍.എസ്.എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ’ എന്ന തലക്കെട്ടിലുള്ള ലേഖനം, അന്ന് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്നായിരുന്നു പരാതിക്കാരന്റെ വാദം. ലേഖനം വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ ശത്രുതയുണ്ടാക്കുന്നതുമാണ് എന്നും പരാതിപ്പെടുന്നു.
Post Your Comments