തിരുവനന്തപുരം: ബസ് ഉടമകള്‍ അനാവശ്യമായാണ് സമരം ചെയ്തതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പുതുതായി ഒരുറപ്പും ബസ് ഉടമകള്‍ക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബസ് ചാര്‍ജ് വര്‍ദ്ധനവ് നേരത്തെ അംഗീകരിച്ചതാണെന്നും, സമരം കൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്നും മന്ത്രി ചോദിച്ചു.
ചാര്‍ജ് വര്‍ദ്ധനയിലടക്കം മാർച്ച് 30 ന് എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. സമരം കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. ഓട്ടോ- ടാക്‌സികള്‍ സമര രംഗത്തേക്ക് വന്നിട്ടില്ലെന്നും ആന്റണി രാജു വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും ഗതാഗത വകുപ്പ് മന്ത്രിയുമായും ബസ് ഉടമകൾ സെക്രട്ടറിയേറ്റില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചത്.
ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചതായുള്ള പ്രഖ്യാപനം വന്നത്. അതേസമയം, ബസ് ചാർജ് വർദ്ധനയിൽ മാർച്ച് 30ന് തീരുമാനമുണ്ടാവുമെന്ന് തങ്ങളോട് നേരത്തെ ആരും പറഞ്ഞിയിട്ടില്ലെന്നും ബസ് നിരക്ക് വർദ്ധന, ടാക്‌സ് കുറയ്ക്കൽ, വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധന തുടങ്ങിയ കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി.
Post Your Comments