ഇസ്ലാമാബാദ്: ലോകത്ത് മറ്റേത് രാജ്യത്തേക്കാളും, മതപരമായ ആൾക്കൂട്ട ആക്രമണങ്ങൾ നടക്കുന്നത് പാകിസ്ഥാനിലാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓരോ ദിവസം ചെല്ലുന്തോറും രാഷ്ട്രീയ അസ്ഥിരതകൾ വളരുന്ന പാകിസ്ഥാനെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ റിപ്പോർട്ടുകൾ. പാകിസ്ഥാനിൽ നടക്കുന്ന മതപരമായ അക്രമങ്ങൾ തടയുന്നതിൽ ഇമ്രാൻ ഖാന്റെ സർക്കാർ പരാജയപ്പെട്ടുവെന്ന് ആക്ഷേപം ശക്തമാകുന്നു. ആൾക്കൂട്ടക്കൊല, ശിരഛേദം, മതനിന്ദ നിയമങ്ങളുടെ ദുരുപയോഗം എന്നിവ പാകിസ്ഥാനിൽ സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ്.
ന്യൂയോർക്ക് ടൈംസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇസ്ലാമിന് എതിരെയുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ പാകിസ്ഥാനിൽ പുതിയ കാര്യമല്ല. മതനിന്ദ പാകിസ്ഥാനിൽ ശിക്ഷാർഹമായ കുറ്റമാണ് എന്നതിന്റെ മറപറ്റിയാണ്, ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നാണ് സൂചന. നിയമം കൈയ്യിലെടുക്കുന്നതിനായി ജനങ്ങൾ പലപ്പോഴും മതനിന്ദ വിരുദ്ധ നിയമങ്ങളെ ചൂഷണം ചെയ്യുന്നു. ആൾക്കൂട്ട ആക്രമണങ്ങളും, ഭരണകൂടം നടപ്പാക്കുന്ന ക്രിമിനൽ മതനിന്ദ കേസുകളും ലോകത്ത് മറ്റൊരിടത്തേക്കാളും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് പാകിസ്ഥാനിലാണെന്ന് യു.എസിന്റെ കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ടിൽ പരാമർശിക്കുന്നു.
സമീപ വർഷങ്ങളിൽ, പാകിസ്ഥാനിൽ ഇത്തരം ആക്രമണങ്ങൾ ഭയാനകമായ തലത്തിലേക്ക് ഉയർന്നു. മാരകമായ അക്രമ സംഭവങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരികയാണ്. മധ്യ പാക്കിസ്ഥാനിലെ പള്ളിക്കുള്ളിൽ ഖുറാൻ പേജുകൾ കത്തിച്ചുവെന്നാരോപിച്ച് മുഹമ്മദ് മുഷ്താഖിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവവും ന്യൂയോർക്ക് ടൈംസ് ഉദ്ധരിച്ചു. വടികളും ഇഷ്ടികകളും മഴുവും അടക്കമുള്ള മാരകായുധങ്ങളുമായാണ്, പള്ളിയിൽ തടിച്ചുകൂടിയ ജനക്കൂട്ടം മുഷ്താഖിനെ ആക്രമിച്ചതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുഹമ്മദ് മുഷ്താഖിനെ പള്ളിയിൽ നിന്ന് വലിച്ചിറക്കി, മണിക്കൂറുകളോളം പീഡിപ്പിച്ച ശേഷം മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു.
‘രാഷ്ട്രീയ ഇച്ഛാശക്തിയുടെയും പ്രതിബദ്ധതയുടെയും അഭാവമാണ് ദൈവനിന്ദ നിയമങ്ങളുടെ ദുരുപയോഗം. ചൂഷണം തടയുന്നതിനുള്ള ഏറ്റവും വലിയ തടസവും ഇതുതന്നെ’, പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തക താഹിറ അബ്ദുള്ള പറഞ്ഞു. മതപരമായ അക്രമത്തിന്റെ വിപത്തിനെ നേരിടുമെന്ന് ഇമ്രാൻ ഖാന്റെ സർക്കാർ വാഗ്ദാനം നൽകിയതാണ്. മുൻ സർക്കാരുകളെ പോലെ തന്നെ, അവരും അത് പാലിച്ച് വരുന്നുവെന്നും എന്നാൽ, പാർലമെന്റിൽ സ്വാധീനമുള്ള മത പാർട്ടികളെയും പാർലമെന്റിന് പുറത്ത് അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകളെയും നേരിടാൻ ഇമ്രാന്റെ സർക്കാരിന് ഭയമാണെന്നും താഹിറ പറയുന്നു.
Also Read:അഫ്ഗാന് ശരിയത്ത് നിയമങ്ങളില് നിന്നും വ്യതിചലിക്കുന്നു
മതനിന്ദ അക്രമത്തിൽ ഏർപ്പെട്ടിരിക്കുന്നവരിൽ 90 ശതമാനവും 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണ്. 2021 ൽ, കുറഞ്ഞത് 84 പേരെങ്കിലും കോടതികളിൽ നിന്നും രോഷാകുലരായ തെരുവ് ജനക്കൂട്ടത്തിൽ നിന്നും ദൈവനിന്ദ ആരോപണങ്ങൾ നേരിട്ടിട്ടുണ്ടെന്ന് ലാഹോർ ആസ്ഥാനമായുള്ള ന്യൂനപക്ഷ അവകാശ പ്രവർത്തകരുടെ സംഘടനയായ സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് വ്യക്തമാക്കുന്നു. ഹിന്ദു ക്ഷേത്രങ്ങളും പരിസരങ്ങളും നശിപ്പിക്കുന്ന സംഭവങ്ങളും കുറവല്ല. രോഷാകുലരായ ജനക്കൂട്ടം പോലീസ് സ്റ്റേഷനുകൾ അടക്കം കത്തിക്കുന്ന സാഹചര്യമുണ്ടായി. ദൈവനിന്ദ ആരോപണങ്ങളുടെ നേരിട്ടുള്ള ഫലങ്ങളാണ് ഇവയെല്ലാം. 2021 ഡിസംബറിൽ, ശ്രീലങ്കക്കാരനായ പ്രിയന്ത കുമാരയെ മതനിന്ദ ആരോപിച്ച്, പീഡിപ്പിക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Post Your Comments