19 വയസുകാരിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള കോൺവെന്റിന്റെ കിണറ്റിൽ കണ്ടെത്തിയിട്ട് ഇന്നേക്ക് 30 വർഷം. 1992 മാർച്ച് 27-നാണ് അഭയ കൊല്ലപ്പെടുന്നത്. കൃത്യമായി പറഞ്ഞാൽ 30 വർഷങ്ങൾക്ക് മുൻപ്. കോട്ടയം ജില്ലയിലെ അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു. അഭയയുടേത് ആത്മഹത്യ ആണെന്ന് വരുത്തിത്തീർക്കാൻ പോലീസ് പതിനെട്ടടവും പയറ്റി. 28 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, അഭയയ്ക്ക് നീതി ലഭിച്ചു.
ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു കൊലക്കേസിൽ സമാനതകളില്ലാത്ത നിയമപോരാട്ടമായിരുന്നു നടന്നത്. 2020 ഡിസംബർ 23ന് ആണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്. ഒന്നാം പ്രതി ഫാദർ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് കോടതി വിധിച്ചത്. കേരള ജനത ആകാംഷയോടെ കാത്തിരുന്ന വിധിയായിരുന്നു ഇത്. കുറ്റകൃത്യത്തിന് ദൃക്സാക്ഷികളില്ലാത്തതിനാൽ കേസ് പൂർണമായും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞത്.
അഭയയ്ക്ക് നീതി വൈകാൻ കാരണമായത് ഇന്ത്യൻ ജുഡീഷ്യറിയുടെ കാര്യക്ഷമതയില്ലായ്മയായിരുന്നില്ല, മറിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത ആയിരുന്നു. ബാഹ്യ സ്വാധീനങ്ങള്‍ക്ക് വഴങ്ങി ഈ കേസിന്റെ ആദ്യ ഘട്ടം മുതൽ അന്വേഷത്തെ അട്ടിമറിച്ച ഒരുകൂട്ടം അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു, വിധി ഇത്രയധികം വൈകാൻ കാരണമായത്. എങ്ങുമെത്താതെ പോകുമായിരുന്ന ഈ കേസിൽ, ഒടുവിൽ സത്യം തെളിയാൻ കാരണമായ മൂന്ന് പേരുണ്ട്. വിരമിക്കാന്‍ ഏഴ് വര്‍ഷം ബാക്കിയുള്ളപ്പോള്‍ സി.ബി.ഐയിലെ ജോലി രാജിവച്ച് വാര്‍ത്താസമ്മേളനം നടത്തിയ ഡിവൈ.എസ്.പി. വര്‍ഗീസ് പി. തോമസും ആക്ഷന്‍ കമ്മിറ്റിയുടെ എല്ലാമെല്ലാമായ ജോമോന് പുത്തന്പുരയ്ക്കലും കേസിലെ സാക്ഷി രാജുവും ആണ് ആ മൂന്ന് പേർ. ഈ നിയമപോരാട്ടത്തിൽ എന്നും തിളങ്ങി നിൽക്കുന്ന പേരുകളായിരിക്കും ഇതെന്നുറപ്പ്.
പ്രതികളെ സംരക്ഷിച്ച സഭാനേതൃത്വവും പൗരോഹിത്യത്തെ പിന്തുണച്ച രാഷ്ട്രീയ നേതൃത്വവും പൊതുജനമനസാക്ഷിയുടെ കോടതിയില്‍ പ്രതിക്കൂട്ടില്‍ കയറിയ കേസ് കൂടിയായിരുന്നു അഭയയുടേത്. സത്യം ഒരിക്കലും മറച്ചുവെക്കപ്പെടാൻ പറ്റില്ല അത് ഒരു ദിവസം മറനീക്കി പുറത്തു വരിക തന്നെ ചെയ്യും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് അഭയ കേസ്.
Post Your Comments