സാമൂഹികമായ വിഷയങ്ങളിൽ നിരന്തരമായി ഇടപെടുകയും സംസാരിക്കുകയും ചെയ്യുന്ന അഡ്വ സംഗീത ലക്ഷ്മണയെക്കുറിച്ച് മകൻ അനന്ദു, മൂന്ന് വർഷങ്ങൾക്ക് മുൻപെഴുതിയ കുറിപ്പ് വീണ്ടും ചർച്ചയാകുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ സംഗീതയുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അഭിമുഖങ്ങളും മറ്റും പുറത്ത് വന്നതോടെയാണ് അനന്ദു എഴുതിയ കുറിപ്പ് വീണ്ടും വായിക്കപ്പെടുന്നതും ചർച്ചകൾക്ക് രൂപം കൊടുക്കുന്നതും.
Also Read:വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
സ്വന്തം ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി എന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വളരെ നിലവാരം കുറഞ്ഞ ഒരു സ്ത്രീയുടെ വയറ്റിലാണ് ഞാൻ ജനിച്ചത് എന്ന് പറയേണ്ടി വരുന്നതിൽ എനിക്ക് വളരെയേറെ ദുഖമുണ്ടെന്ന് അഡ്വ സംഗീത ലക്ഷ്മണയെക്കുറിച്ച് കുറിപ്പിൽ മകൻ അനന്ദു പറയുന്നു. സംഗീത ലക്ഷ്മണ ഒരു വലിയ നുണയാണെന്നും മനസ്സിൽ പകയും പ്രതികാരവും ഈഗോയും ക്രൂരതയും മാത്രമുള്ള ഒരു സ്ത്രീയാണെന്നും അനന്ദു കൂട്ടിച്ചേർക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
അമ്മയും അച്ഛനും 23 വർഷം മുൻപ് വേർപിരിയുകയും നിയപരമായി വിവാഹമോചിതർ ആയതുമാണ്. എനിക്ക് എട്ടും അനിയന് മൂന്നും വയസ്സുള്ളത് വരെയാണ് ഞങ്ങൾ അമ്മയോടൊപ്പം ജീവിച്ചിട്ടുള്ളത്. അമ്മ എനിക്ക് തന്നിട്ടുള്ള സുന്ദരമായ ബാല്യകാല ഓർമ്മകളിൽ ഉള്ളത് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി ചതച്ചതിന്റെയും മൂർച്ഛയുള്ള പലതും കൊണ്ട് ദേഹത്ത് മുറിവേല്പിച്ച് ചോര വരുമ്പോൾ പോലും ഒരു തുള്ളി മരുന്ന് വച്ച് തരാനുള്ള മനസ്സ് പോലും കാണിച്ചിട്ടില്ലാത്ത അമ്മയാണ്. മരുന്ന് വച്ച് തന്നിരുന്നത് അച്ഛനാണ്. എന്റെ അനിയന് മൂന്ന് വയസ്സുള്ളപ്പോഴാണ് അവനെയും എന്നെയും അച്ഛനെയും ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽനിന്നും ഒരു ദിവസം വെളുപ്പിനെ അമ്മ ഇറക്കി വിടുന്നത്.
ആ വിവാഹ ബന്ധം തകരാതിരിക്കാൻ എന്റെ അച്ഛനെക്കൊണ്ട് ആവുന്നതിന്റെ പരമാവധി അച്ഛൻ ശ്രമിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അമ്മയോടൊപ്പം ഞങ്ങൾ ജീവിക്കുന്നത് ഞങ്ങളുടെ ജീവന് തന്നെ അപകടമാണ് എന്ന് പ്രഗത്ഭനായ ഒരു സൈക്കോളജിസ്റ് രേഖപെടുത്തിയതിന് ശേഷമാണ് വിവാഹ മോചനത്തിലേക്കു തന്നെ നീങ്ങാൻ അച്ഛൻ തീരുമാനിക്കുന്നത്. പിന്നീടങ്ങോട്ട് ഞാനും എന്റെ അനിയനും എങ്ങനെയാണ് വളർന്നത് എന്ന് എന്റെ അമ്മ അറിഞ്ഞിട്ടില്ല. കുറച്ചുകൂടി മുതിർന്നതിന് ശേഷം വല്ലപ്പോഴും ഫോണിൽ വിളിച്ച് തമാശകൾ പറയുന്ന ഒരു സുഹൃത്തായി അമ്മ. വല്ലപ്പോഴും വലിയ സമ്മാനങ്ങളുമായി വരുന്ന ഒരു ക്രിസ്മസ് അപ്പുപ്പനായി അമ്മ. പിന്നീടാണ് മനസ്സിലായത് വലിയ സമ്മാനങ്ങൾ കൊണ്ട് മൂടുന്നത് അച്ഛനെ ദ്രോഹിക്കുന്ന എന്തെങ്കിലും ഒന്ന് ചെയ്യുന്നതിന്റെ മുന്നോടി ആയിട്ടായിരുന്നു എന്ന്. പണ്ടൊക്കെ ഏതെങ്കിലും മഞ്ഞപത്രത്തിനോ പൈങ്കിളി വാരികക്കൊ അഭിമുഖം നൽകി അച്ഛനെ കുറിച്ച് ശുദ്ധ നുണകൾ വിളമ്പി ആനന്ദത്തിൽ ആറാടുക ആയിരുന്നു അമ്മയുടെ ഹോബി. ശക്തമായി ഞാൻ പ്രതിഷേധിക്കുകയും ഇനിയും ആവർത്തിച്ചാൽ ഞാൻ പബ്ലിക് ആയിത്തന്നെ പ്രതികരിക്കും എന്ന് താക്കീത് ചെയ്തതിന്റെയും പേരിൽ ഇടക്ക് കുറച്ച് നാൾ ഈ തോന്നിവാസം നിർത്തി വെക്കാറുണ്ടായിരുന്നു.
ഇന്നേ വരെ ചെയ്തിട്ടുള്ള ദ്രോഹങ്ങൾ എല്ലാം മറന്നാണ് എന്തൊക്കെയാണെങ്കിലും എന്റെ അമ്മയല്ലേ, എന്നെ പ്രസവിച്ച സ്ത്രീയല്ലേ എന്ന് കരുതിയാണ് അച്ഛൻ നടത്തിത്തരുന്ന കല്യാണമായിട്ട് കൂടി എന്റെ നിശ്ചയത്തിനും കല്യാണത്തിനും അമ്മ കൂടെയുണ്ടാവണം എന്ന് നിർബന്ധബുദ്ധി എനിക്കുണ്ടായത്. ആർക്കും ഒരു പരാതിയും പറയാനില്ലാത്ത രീതിയിൽ ഗംഭീരമായിട്ടാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. അമ്മയും പങ്കെടുത്തു വളരെ സന്തുഷ്ട ആയി. പക്ഷെ എന്റെ അമ്മയുടെ ഉള്ളിൽ എന്തുമാത്രം വിഷവും ദുഷ്ടത്തരവും പകയും ഇന്നും ബാക്കിയുണ്ട് എന്ന് ഇന്നലെയാണ് ഞാൻ മനസ്സിലാക്കുന്നത്. അച്ഛനെ കുറിച്ച് പഴയ പതിവ് രീതിയിൽ ശുദ്ധ പച്ച കള്ളങ്ങൾ നിരത്തി ഒരു ഫേസ്ബുക് പോസ്റ്റ് അമ്മയുടെ വക . എന്റെ അച്ഛനെ പരമാവധി അപമാനിക്കുക എന്നതിനോടൊപ്പം എന്നെയും അനിയനെയും അച്ഛനുമായി തെറ്റിക്കുക, എന്റെ കുടുംബ ജീവിതം ഇല്ലാതാക്കുക, ഇതിനോടെല്ലാമൊപ്പം സ്വയം ഒരു രക്തസാക്ഷി പട്ടം അങ്ങ് ചാർത്തുക. ഇതൊക്കെയാണ് അമ്മയുടെ ലക്ഷ്യങ്ങൾ. ഒരു വെടിക്ക് ഇത്രയും അധികം പക്ഷികൾ. സംഗീത ലക്ഷ്മണ ഒരു വലിയ നുണയാണ്. മനസ്സിൽ പകയും പ്രതികാരവും ഈഗോയും ക്രൂരതയും മാത്രമുള്ള ഒരു സ്ത്രീയാണ് എന്റെ അമ്മ. സ്വന്തം ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി എന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വളരെ നിലവാരം കുറഞ്ഞ ഒരു സ്ത്രീയുടെ വയറ്റിലാണ് ഞാൻ ജനിച്ചത് എന്ന് പറയേണ്ടി വരുന്നതിൽ എനിക്ക് വളരെയേറെ ദുഖമുണ്ട്.
ഒന്ന് മാത്രം ഓർത്ത് നോക്കുക. വിവാഹ ബന്ധം വേർപിരിഞ്ഞ് 23 വർഷം കഴിഞ്ഞും ഈ സ്ത്രീ എന്തിനാണ് ഇന്നും എന്റെ അച്ഛനെ വേട്ടയാടുന്നത് ? തലക്ക് സുഖമില്ലാത്തത് കൊണ്ട് എന്നല്ലാതെ മറ്റെന്തെങ്കിലും ഒരു കാരണം കണ്ടെത്താനാകുമോ ? ഇതിനൊക്കെ മറുപടി കൊടുക്കാൻ പോകാത്തത് എന്റെ അച്ഛൻ എന്ന വലിയ മനുഷ്യന്റെ സംസ്‌കാരം. പരസ്യമായ ഈ വിഴുപ്പലക്കലിന് താല്പര്യമുണ്ടായിട്ടല്ല, ഈ ഗതികേടിലേക്ക് എന്റെ അമ്മ എന്നെ കൊണ്ടെത്തിച്ചതാണ്. അമ്മ അച്ഛനെ അപമാനിക്കാൻ ശ്രമിച്ചത് പരസ്യമായാണ് . അതുകൊണ്ടാണ് അതിനുള്ള ഉത്തരം ഞാൻ പറയുന്നതും പരസ്യമായി തന്നെ ചെയ്യാൻ തീരുമാനിച്ചത്. അമ്മ പറയുന്നത് കള്ളത്തരങ്ങൾ ആണ് എന്ന് വിളിച്ച് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം ഓർമ്മവെച്ച കാലം മുതൽ ഞാൻ അനുഭവിച്ച സത്യങ്ങളാണ് ഈ പറഞ്ഞതൊക്കെ. അച്ഛനാണ് ശരി. അച്ഛൻ തന്നെ ആയിരുന്നു എന്നും ശരി. ഏതായാലും എല്ലാം നല്ലതിനാണ് എന്ന് മാത്രമേ ഞാനിപ്പോൾ ചിന്തിക്കുന്നുള്ളു. ഒരു കണ്ടക ശനി ഒഴിഞ്ഞ് പോകുന്നതായേ ഞാൻ ഇതിനെ കാണുന്നുള്ളൂ.
അമ്മ സംഗീത ലക്ഷ്മണ എന്ന അധ്യായം എന്റെ ജീവിതത്തിൽ അവസാനിക്കുകയാണ്. എന്റെ ഈ ഗതികേടുകൾ വായിക്കാൻ സമയം ചിലവഴിച്ച എല്ലാവരോടും ഞാൻ എന്റെ നന്ദിയും ഖേദത്തവും രേഖപെടുത്തുന്നു.
Post Your Comments