പരപ്പനങ്ങാടി: സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ ദമ്പതികൾ അറസ്റ്റിൽ. കടലുണ്ടി കിഴക്കന്റപുരക്കൽ അഹമ്മദ് കോയ മകൻ നസീർ അഹമ്മദ് (45), നസീർ അഹമ്മദിന്റെ ഭാര്യ അസ്മ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി സി ഐ ഹണി കെ ദാസും സംഘവും ചേർന്ന്, കോഴിക്കോട് പന്തീരാങ്കാവിൽ ഉള്ള ഫ്‌ളാറ്റിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Also Read:നെഞ്ചെരിച്ചിലിനെ നിസാരമായി കാണല്ലേ….ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാവാം
സഹകരണ ബാങ്കുകളുടെ വള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളിൽ നിന്നായി 50 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. 2021 മെയ് മുതൽ 2022 ഫെബ്രുവരി മാസം വരെയാണ് തട്ടിപ്പ് നടന്നത്. 31 തവണകളായി വ്യാജ സ്വർണം പണയം വെച്ച ഇവരെ കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ആദ്യ സമയങ്ങളിൽ നസീർ മാത്രമായിരുന്നു തട്ടിപ്പിനിറങ്ങിയത്. എന്നാൽ, സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് പിന്നീട്, അസ്മയെയും തട്ടിപ്പിലേക്ക് കൂട്ടിയത്.
ചോദ്യം ചെയ്യലിൽ തൊടുപുഴ സ്വദേശിയായ ഒരാൾ ആണ് വ്യാജ സ്വർണ്ണം പണയം വയ്ക്കാൻ നൽകിയതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഒരു ഗ്രാം വ്യാജ സ്വർണ്ണത്തിന് 500 രൂപ നിരക്കിൽ മൂന്നാം പ്രതിക്ക് പണയം വയ്ക്കാനായി വ്യാജ സ്വർണ്ണം വാങ്ങിയിരുന്നത്. ഇവർക്ക് പിന്നിൽ ആരെങ്കിലുമുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്. വ്യാജ സ്വർണത്തിന്റെ ഉറവിടത്തെ കുറിച്ചും, ബാങ്ക് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നതിനെ കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്. നിലവിൽ, പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം 7 വർഷം വരെ തടവ് ലഭിക്കുന്നതാണ്.
Post Your Comments