ഡൽഹി: രാജ്യം സന്ദർശിക്കുന്ന ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ല. നരേന്ദ്ര മോദിയുടെ ഉത്തർപ്രദേശ് യാത്ര ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. അതേസമയം, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈന സന്ദർശനം ഉഭയകക്ഷി ചർച്ചയിലെ ധാരണയോടുള്ള പ്രതികരണം പരിഗണിച്ച് മാത്രമായിരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി.
ലഡാക്ക് അതിർത്തിയിലെ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷം, രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഒരു ഉന്നത നയതന്ത്ര പ്രതിനിധി ഇന്ത്യ സന്ദർശിക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക് എത്തുന്നതായി സൂചനകൾ ഒന്നും കേന്ദ്ര സർക്കാർ പുറത്തുവിട്ടിരുന്നില്ല. വാങ് യീ ഡൽഹിയിൽ വിമാനമിറങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ഈ കാര്യത്തിൽ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരണം നൽകിയത്.
അഫ്ഗാനിസ്ഥാൻ സന്ദർശനം കഴിഞ്ഞാണ് വാങ് യീ ഡൽഹിയിൽ എത്തിയതെന്നാണ് സൂചന. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഇന്നലെ വാങ് യീ കൂടിക്കാഴ്ച നടത്തി.
Post Your Comments