കോഴിക്കോട്: ഔറത്ത് മറയ്ക്കാൻ അനുവദിക്കാത്ത കോളേജുകളിൽ പെൺകുട്ടികൾ പഠിക്കേണ്ടതില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി. മുസ്‌ലിം സ്ത്രീകൾ സമരം ചെയ്യാൻ പാടില്ലെന്നും അസ്ഹരി പറഞ്ഞു. സമരം ചെയ്യേണ്ടത് പുരുഷന്മാരാണെന്നും മതിയാകുന്നില്ലെങ്കില്‍ മാത്രമാണ് സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ടതെന്നും ഹക്കീം അസ്ഹരി വ്യക്തമാക്കി. ഹിജാബ് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നമുക്ക് മുസ്‌ലിമായി ജീവിക്കാന്‍ ഈ രാജ്യം അനുവദിക്കുന്നുണ്ട്. അത് നാം തന്നെ പറഞ്ഞ് ഇല്ലാതാക്കേണ്ട. മുസ്‌ലിമിന്റെ വേഷത്തില്‍, പര്‍ദ ധരിച്ചു വന്ന്, മുഖം മറച്ച്, തക്ബീറ് ചൊല്ലി സമരം ചെയ്യാന്‍ മുസ്‌ലിം പെണ്‍കുട്ടികളോട് ഇസ്‌ലാം പറഞ്ഞിട്ടില്ല. കോളേജില്‍ ചെല്ലുമ്പോള്‍ പെൺകുട്ടിയെ ഔറത്ത് മറയ്ക്കാൻ അനുവദിക്കുകയില്ല, തുണി അഴിക്കണം എന്ന് പറഞ്ഞാൽ അങ്ങനെ ഉള്ളിടത്ത് പോകേണ്ടതില്ല. കാരണം അത് ഫര്‍ള് അയ്‌ന്(വ്യക്തിപരമായ ബാധ്യത) അല്ല അത് ഫര്‍ള് കിഫാ(സാമൂഹ്യപരമായ ബാധ്യത) ആണ്.
അവകാശത്തിന് വേണ്ടി പോരാടണം, സമരം ചെയ്യണം, ഒന്നും ചോദിച്ച് വാങ്ങണ്ട എന്നല്ല ഞാന്‍ പറഞ്ഞത്. അങ്ങനെ തെറ്റിദ്ധരിക്കരുത്. അതേസമയം, ഇതിനെയൊക്കെ ചില താല്‍പര്യങ്ങള്‍ക്ക് വേണ്ടി, പാര്‍ട്ടിയിലേക്ക് ആളെ കൂട്ടാനുള്ള സമരങ്ങളായി മാറ്റുന്ന ചില താല്‍പര്യക്കാരെ നാം തിരച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് നമ്മുടെ പെണ്‍കുട്ടികളെ അനാവശ്യമായ സമരങ്ങള്‍ക്ക് വിട്ടുകൊടുക്കരുത്. നിങ്ങള്‍ക്ക് ദീന് അനുസരിച്ച് ഈ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കാത്ത ഒരു സമയമുണ്ടെങ്കില്‍, അപ്പോള്‍ സമരത്തിനിറങ്ങണം. അത് പുരുഷന്മാരാണ് സമരത്തിനിറങ്ങേണ്ടത്. മതിയാകുന്നില്ലെങ്കില്‍ മാത്രമാണ് സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ടത്’, അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
Post Your Comments