തിരുവനന്തപുരം: വിവിധ സ്ഥലങ്ങളിൽ താമസിച്ച് ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തി അഞ്ചുവർഷമായി പൊലീസിനെ വെട്ടിച്ചു നടന്ന സ്ത്രീ അറസ്റ്റിൽ. പത്തനംതിട്ട കുളനട ഞെട്ടൂർ സന്തോഷ് ഭവനിൽ കല ടി. നായരെ(54) പാലോട് പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ ദിവ്യാ ഗോപിനാഥിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
2012 മുതൽ 2017 വരെ വട്ടപ്പാറ, വെമ്പായം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് താമസിച്ച കല നായർ, റെയിൽവെയിൽ ജോലി വാങ്ങി നൽകാമെന്നു വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. 15 പവൻ സ്വർണവും 1 ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ചതായി വട്ടപ്പാറ പൊലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ ആദ്യം പരാതി ലഭിച്ചത്. തുടർന്ന് 5 വർഷമായി പൊലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു.
ഈ കാലയളവിൽ തന്നെ മറ്റു പലരിൽ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിപ്പു നടത്തിയതായാണ് പൊലീസിൽ പരാതി ലഭിച്ചിട്ടുള്ളത്. തട്ടിപ്പു നടത്തി മുങ്ങിയ ഇവർ തൃശൂർ ജില്ലയിലെ ചാലക്കുടി കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിൽ ആഡംബര വീടുകൾ വാടകക്ക് എടുത്ത് താമസിക്കുകയായിരുന്നു.
പ്രായമായതും റിട്ടയർ ചെയ്തതുമായ ആൾക്കാരെ പരിചയപ്പെട്ട് വശത്താക്കി അവരെ കൂടെ കൊണ്ടുവന്നു താമസിപ്പിക്കുകയും അവരുടെ സമ്പാദ്യങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ ചാവക്കാട് സ്വദേശിയായ 72 വയസുള്ള ഒരാളും ചെങ്ങന്നൂർ സ്വദേശിയായ പ്രായമായ സ്ത്രീയും ഇവരോടൊപ്പം ചാലക്കുടിയിലെ വാടക വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു.
Post Your Comments