മൈസൂരു: ആൾമാറാട്ടം നടത്തി 24 വർഷം സർക്കാർ സ്കൂൾ അധ്യാപകനായി ജോലിചെയ്തയാൾ കർണാടക പോലീസിന്റെ പിടിയിലായി. മൈസൂരുജില്ലയിലെ കെ.ആർ. നഗറിലെ ഹെബ്ബാൾ ഗ്രാമനിവാസിയായ ലക്ഷ്മണ ഗൗഡയാണ് അറസ്റ്റിലായത്. മരണപ്പെട്ട സഹോദരന്റെ പേരിലുള്ള നിയമന ഉത്തരവുമായാണ് ഇയാൾ അധ്യാപകനായി ജോലിചെയ്തത്. വർഷങ്ങളോളം തന്റെ തട്ടിപ്പ് മറച്ചുവെച്ച ലക്ഷ്മണ ഗൗഡ മികച്ച അധ്യാപകനുള്ള അവാർഡും നേടി.
വിവിധ സ്കൂളുകളിൽ പ്രവർത്തിച്ചിട്ടും പ്രതിയുടെ ആൾമാറാട്ടം മനസ്സിലാക്കാൻ വിദ്യാഭ്യാസവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഏറ്റവുമൊടുവിൽ, ഹുൻസൂരിനു സമീപത്തെ കട്ടെമാലലവാഡി ഹയർ പ്രൈമറി സ്കൂളിലാണ് ഇയാൾ അധ്യാപകനായി പ്രവർത്തിച്ചിരുന്നത്. 24 വർഷം മുമ്പ്, ഇയാളുടെ മൂത്തസഹോദരൻ ലോകേഷ് ഗൗഡയ്ക്ക് സർക്കാർ സ്കൂളിൽ അധ്യാപകനായി ജോലിലഭിച്ചിരുന്നു.
ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പ്, ലോകേഷ് മരിച്ചു. തുടർന്ന്, സർക്കാർജോലി നേടാനായി ലോകേഷ് ഗൗഡയെന്ന വ്യാജേന, ലക്ഷ്മണ ഗൗഡ പെരിയപട്ടണയിലെ മുദ്ദനഹള്ളി സ്കൂളിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഒടുവിൽ, ഹുൻസൂരിലെ മാധ്യമപ്രവർത്തകനായ രാജുവാണ് ഇയാളുടെ ആൾമാറാട്ടം പുറത്തുകൊണ്ടുവന്നത്. തുടർന്ന്, പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും ചെയ്തു.
Post Your Comments