തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയാണ് ജനപക്ഷത്ത് നിൽക്കുന്ന പൊതുസര്‍വീസ് നിങ്ങൾ കാണാൻ പോകുന്നതെന്ന് അവകാശപ്പെട്ട് മന്ത്രി എം ഗോവിന്ദൻ മാസ്റ്റർ രംഗത്ത്. തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കുന്നതിന് കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമങ്ങളും മറ്റ് നിയമങ്ങളും ഭേദഗതി ഓര്‍ഡിനന്‍സിന്റെ കരട് മന്ത്രിസഭാ യോഗം അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനും വിവിധ തട്ടുകളായി നടക്കുന്ന പ്രാദേശിക ആസൂത്രണ വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും പദ്ധതി നിര്‍വ്വഹണത്തിനും വേണ്ടിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ഒരു ഏകീകൃത സേവനം ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത്, നഗരകാര്യം, നഗര ഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എന്‍ജിനീയറിങ് വിഭാഗം, ഗ്രാമവികസനം എന്നിവയിലെ സര്‍വീസുകളെ സംയോജിപ്പിച്ചാണ് തദ്ദേശസ്വയംഭരണ വകുപ്പ് എന്ന പേരില്‍ ഒരു പൊതുസര്‍വീസ് രൂപീകരിച്ചത്’, അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഭരണഘടനയില്‍ തന്നെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയ്ക്കുവേണ്ടി സമഗ്രമായ ഒരു ജില്ലാ പദ്ധതിയും ഇതിനായി ജില്ലാ ആസൂത്രണ സമിതിയും ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. ഏകീകൃത സാങ്കേതിക — സാങ്കേതികേതര ഉദ്യോഗസ്ഥ സംവിധാനം ഉണ്ടാവുന്നതിലൂടെയുള്ള ഏകോപനവും അതുവഴിയുണ്ടാവുന്ന മേല്‍നോട്ടവും പദ്ധതി-പദ്ധതിയിതര പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാവും. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ജനപക്ഷമാക്കി മാറ്റാനും ഉതകും’, മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments