ലക്‌നൗ : ഹത്രാസിൽ പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് യുപിയിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഭീകര സംഘത്തിലെ അംഗമെന്ന് പോലീസിന്റെ സത്യവാങ്മൂലം. സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണ സംഘം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.
കാപ്പൻ ടെറർ ഗ്യാങിലെ അംഗമാണെന്നും അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2015 ൽ കാപ്പനെ പോപ്പുലർഫ്രണ്ട് നിർവ്വാഹക സമിതി യോഗം പ്രത്യേക ദൗത്യ സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന യോഗത്തിന്റെ മിനിട്‌സ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. നിരോധിത സംഘടനയായ സിമിയുടെ ആശയം പ്രചരിപ്പിക്കുന്നതിനുള്ള ലഘു ലേഖകളും, ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പോപ്പുലർഫ്രണ്ട് നേതാവ് പി. കോയയുമായി സിദ്ദിഖ് കാപ്പൻ നടത്തിയ വാട്‌സ് ആപ്പ് ചാറ്റും പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ കലാപം ഉണ്ടാക്കിയ പ്രതികളുമായും കാപ്പന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 2020 ൽ, ഭീകരവാദ പരിശീലനത്തിനായി രഹസ്യശിൽപ്പശാല സംഘടിപ്പിക്കാൻ കാപ്പൻ നീക്കം നടത്തിയിരുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട് പോപ്പുലർഫ്രണ്ട് ഓഫീസ് മാനേജർ കമാലിന് ചില ഓഡിയോ സന്ദേശങ്ങൾ കാപ്പൻ അയച്ചിരുന്നുവെന്നും പോലീസ് കോടതി മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
Post Your Comments