![](/wp-content/uploads/2022/03/ansari.jpg)
കണ്ണൂര്‍: കോടികൾ വിലയുള്ള സിന്തറ്റിക്ക് മയക്കുമരുന്ന് കേസില്‍ പിടിയിലായ ദമ്പതികള്‍ കണ്ണൂരില്‍ നെഞ്ചത്തടിച്ചു കരഞ്ഞു വിളിച്ച് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. മയക്കുമരുന്ന് കേസില്‍ പിടിയിലായ അന്‍സാരിയും ഷബ്ന എന്ന ആതിരയുമാണ് കണ്ണൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ നെഞ്ചത്തടിച്ചും നിലവിളിച്ചും നാടകീയ രംഗം സൃഷ്ടിച്ചത്. തങ്ങളെ മയക്കുമരുന്ന് കേസിലെ സൂത്രധാരനായ നിസാം കുടുക്കിയെന്നാണ് ഇവര്‍ മാധ്യമ പ്രവര്‍ത്തകരോട് വിളിച്ചു പറഞ്ഞത്.
താന്‍, അന്നേ ഇതൊക്കെ വേണ്ടായെന്ന് ഭര്‍ത്താവ് അന്‍സാരിയോട് പറഞ്ഞതാണെന്നും ആതിര കരഞ്ഞു കൊണ്ടു പൊലീസിനോടും മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞു. എന്നാല്‍, വളരെ കൃത്യമായ ആസൂത്രണത്തോടുകൂടിയാണ് ഇവര്‍ കഴിഞ്ഞ ആറുമാസക്കാലമായി മയക്കുമരുന്ന് കച്ചവടത്തിന് ഇറങ്ങിയതെന്നു കണ്ണൂര്‍ സിറ്റി പൊലിസ് അസി.കമ്മിഷണര്‍ പി.പി സദാനന്ദന്‍ പറഞ്ഞു. നാട്ടിലും ഗള്‍ഫിലുമായി ഒരേ സമയം മയക്കുമരുന്ന് റാക്കറ്റുണ്ടാക്കിയായിരുന്നു അന്‍സാരിയുടെ പ്രവര്‍ത്തനം.
നിസാമിന്റെ ഗള്‍ഫിലുള്ള മയക്കുമരുന്ന് വ്യാപാരം നിയന്ത്രിച്ചത് ഖത്തറും ദുബായും കേന്ദ്രികരിച്ച് അന്‍സാരിയായിരുന്നു. എന്നാല്‍, അന്‍സാരിയുടെ നീക്കങ്ങള്‍ ഖത്തര്‍ – ദുബായ് പൊലിസിന്റെ നിരീക്ഷണത്തിലായതോടെ കൊവിഡിന്റെ മറവില്‍ ഇയാള്‍ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഖത്തറിലും ദുബായിലും ജോലി ചെയ്തു കൊണ്ടിരുന്ന കണ്ണൂര്‍ സിറ്റി മരക്കാര്‍ കണ്ടി സ്വദേശി അന്‍സാരിയുമായി തന്റെ പതിനേഴാമത്തെ വയസില്‍ ആതിരയെന്ന പെണ്‍കുട്ടി പ്രണയത്തിലാവുകയായിരുന്നു. അന്‍സാരിയെ വിവാഹം കഴിക്കുന്നതിനാണ് ഇവര്‍ മതം മാറി ശബ്‌നയാകുന്നത്.
അമ്മയും സഹോദരനുമുള്ള ഷബ്‌ന കഴിഞ്ഞ കുറെക്കാലമായി അന്‍സാരിയുടെ കണ്ണൂര്‍ സിറ്റിയിലെ മരക്കാര്‍ കണ്ടിയിലെ വീട്ടിലും പിന്നീട് അഫ്‌സല്‍ – ബള്‍ക്കിസ് ദമ്പതികളെ ഒഴിപ്പിച്ചു നിസാം എടുത്തു കൊടുത്ത വാടക വീട്ടിലായിരുന്നു താമസം. നേരത്തെ കണ്ണൂര്‍ നഗരത്തില്‍വെച്ചു അന്‍സാരിയെ എക്‌സൈസ് തന്ത്രപരമായിപിടികൂടിയിരുന്നു. ഫോണ്‍ വഴി അന്‍സാരിയോട് അഞ്ചുഗ്രാം മയക്കുമരുന്നിന് ഓര്‍ഡര്‍ ചെയ്തു. പതിനാറു ഗ്രാം മയക്കുമരുന്നുമായി എത്തിയ ഇയാളെ പിടികൂടുകയുമായിരുന്നു. ഈ കേസില്‍ ഷബ്‌നയുടെ സഹോദരനും അറസ്റ്റിലായിരുന്നു. ജയിലില്‍ കിടന്നിരുന്നു ഇരുവരും.
എന്നാല്‍, ആ സമയത്തുപോലും അന്‍സാരി മയക്കുമരുന്ന് ഇടപാട് നിര്‍ത്തിയിരുന്നില്ല. ജയിലില്‍ കിടന്ന വേളയില്‍ വാട്‌സ് ആപ്പ് കോള്‍ വഴി ഭാര്യ ഷബ്‌നയെ കളത്തിലിറക്കി ഇയാള്‍ ഏഴുലക്ഷത്തിന്റെ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നുവെന്ന് നിസാമിന്റെ മൊബൈല്‍ ഫോണും അക്കൗണ്ടും പരിശോധിച്ചപ്പോള്‍ വ്യക്തമായെന്ന് സിറ്റി അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ വെളിപ്പെടുത്തി.
Post Your Comments