ന്യൂഡൽഹി: 1989-90 കാലഘട്ടത്തിലെ കശ്മീർ പണ്ഡിറ്റുകളുടെ വംശഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റ് ഗ്രൂപ്പ് സുപ്രീം കോടതിയിൽ. 2017 ലെ സുപ്രീം കോടതിയുടെ തന്നെ വിധിക്കെതിരെ തിരുത്തൽ ഹർജിയാണ് സംഘടന സമർപ്പിച്ചിരിക്കുന്നത്. നീണ്ട കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു 2017 ൽ സുപ്രീം കോടതി അന്വേഷണത്തിനായുള്ള ഹർജി തള്ളിയത്. ഇതിനെതിരെയാണ് പുതിയ ഹർജി.
2017 ജൂലൈ 24 ന് ആയിരുന്നു അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും അടങ്ങുന്ന ബെഞ്ച് ആയിരുന്നു ഹർജി തള്ളിയത്. ’27 വർഷത്തിനു ശേഷം ഒരു തെളിവും ലഭ്യമല്ല. സംഭവിച്ചത് ഹൃദയഭേദകമാണ്, പക്ഷേ ഞങ്ങൾക്ക് ഇപ്പോൾ ഓർഡറുകൾ കൈമാറാൻ കഴിയില്ല’ എന്ന് പറഞ്ഞായിരുന്നു ഹർജി തള്ളിയത്. ഇൻസ്റ്റന്റ് ക്യൂറേറ്റീവ് പെറ്റീഷനിലൂടെ കേസ് വീണ്ടും തുറക്കാനാണ് സംഘടന ഇപ്പോൾ ശ്രമിക്കുന്നത്. നീണ്ട കാലതാമസം എന്ന ഒരേയൊരു കാരണത്താൽ അന്വേഷണത്തിനുള്ള അപേക്ഷ തള്ളുന്നത് പ്രകടമായ ഗുരുതരമായ പിശകിന് തുല്യമാണെന്ന് സംഘടന ഇന്ന് സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.
Also Read:നാരങ്ങ ഇങ്ങനെ ഉപയോഗിക്കൂ : ഗുണങ്ങൾ നിരവധി
‘കാലതാമസം വന്നു എന്ന കാരണം കൊണ്ട് അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന കോടതിയുടെ ഉത്തരവ് തെറ്റാണ്. ഇരയായ കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചിട്ടില്ല. അപകടമായ അവസ്ഥ മുന്നിലുള്ളതിനാലും ഭയത്താലുമാണ് ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിന് പരാതിയുമായി മുന്നോട്ട് വരാൻ കഴിയാത്തത്. നീതി കിട്ടാനായി ആയിരക്കണക്കിന് കുടുംബമാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്’, ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
മൂന്ന് പതിറ്റാണ്ടിന് ശേഷവും സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് കേൾക്കാൻ കോടതി തയ്യാറായിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ ഡൽഹി ഹൈക്കോടതിയുടെ വിധിയും ക്യൂറേറ്റീവ് ഉദ്ധരിക്കുന്നു. കശ്മീരിലെ പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ കേസിൽ വിഘടനവാദി നേതാവ് യാസിൻ മാലിക് ഉൾപ്പെടെയുള്ള വിവിധ വ്യക്തികൾക്കെതിരെ അന്വേഷണം നടത്താനും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് എന്ന സിനിമ റിലീസ് ചെയ്തത് അടുത്തിടെയാണ്. ചിത്രത്തിന് മികച്ച സ്വീകാര്യതായിരുന്നു ലഭിച്ചത്. കശ്മീർ വംശഹത്യക്ക് ഇരയാക്കപ്പെട്ടവരുടെ കുടുംബം ശബ്ദമുയർത്തണമെന്നും നീതിക്ക് വേണ്ടി പോരാടണമെന്നും പലയിടങ്ങളിൽ നിന്നായി ആവശ്യമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘടന ഹർജി നൽകാൻ തീരുമാനിച്ചത്. നീതിക്കായുള്ള പോരാട്ടത്തിൽ ജനം കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
Post Your Comments