NattuvarthaLatest NewsKeralaNewsIndia

കുടിലുകളെ കണ്ണീരിൽ മുക്കി ശോഭാ സിറ്റി മാളിൽ ഇരുന്ന് കാപ്പി കുടിയ്ക്കുന്ന മുഖ്യൻ, ഹയാത്തിൽ റൂമെടുത്ത് സജി ചെറിയാൻ

വികസനം നാടിന്റെ നട്ടെല്ല് തന്നെയാണ്, പക്ഷേ നാടിന്റെ നാഡികളായ മനുഷ്യരെ കുടിയിറക്കിയിട്ടല്ല ആ നട്ടെല്ല് ബലപ്പെടുത്തേണ്ടത്

സംസ്ഥാനത്ത് കെ റെയിൽ പദ്ധതിയുടെ പേരിൽ സർക്കാർ നടത്തുന്ന ഇരട്ടത്താപ്പ് പുറത്തായിരിക്കുന്നു. പാവപ്പെട്ടവന്റെ കൂര പൊളിച്ചു കളയുന്ന തിരക്കിൽ, സർക്കാർ മന്ത്രി സജി ചെറിയാന്റെ വീടും, ശോഭ സിറ്റി മാളും, ഹയാത്ത് സെന്ററുമൊക്കെ കീറി മുറിച്ച് പോകുന്ന യഥാർത്ഥ റൂട്ട് മാപ്പ് വിട്ട് പോയിരിക്കുന്നു. എന്നിട്ട് ഇവിടെ നിന്ന് മാത്രം കെ റെയിലിനെ അങ്ങോട്ട് വളച്ചു വിട്ടിരിക്കുന്നു. ആരെ സംരക്ഷിക്കാനാണ് സർക്കാർ ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തതെന്ന് പകൽ പോലെ വ്യക്തമാണ്.
കെ റെയിൽ എന്ന പേരിൽ സംസ്ഥാനത്ത് നഷ്ടപ്പെടാൻ പോകുന്നത് അനേകം മനുഷ്യരുടെ കിടപ്പാടവും ആകെയുള്ള ഭൂമിയുമാണ്. അവരെ ആ കൂരകളിൽ നിന്ന് ബലം പ്രയോഗിച്ചു പടിയിറക്കുമ്പോൾ മാളുകളിലും മറ്റു പ്രമുഖരുടെ ബംഗ്ലാവുകളിലും കെ റെയിൽ കുറ്റികൾ ആരും പതിയ്ക്കുന്നില്ല.

Also Read:സില്‍വര്‍ ലൈനിന് കേന്ദ്രാനുമതി ലഭിക്കാന്‍ ഡൽഹിയിൽ ഇടനിലക്കാര്‍: ആരോപണവുമായി വി ഡി സതീശന്‍

പ്രമുഖരെല്ലാം സേഫ് ആണ്, ജനങ്ങളെല്ലാം സമരങ്ങളുമായി തെരുവിലും. ഒരു വലിയ പദ്ധതി വരുമ്പോൾ പലപ്പോഴും വേട്ടയാടപ്പെടുന്നത് സാധാരണക്കാരായ മനുഷ്യരാണ്. എല്ലാത്തിന്റെയും വിഴുപ്പലക്കുന്നതും, ഭാരം ചുമക്കുന്നതും ഇക്കൂട്ടർ തന്നെയാണ്. ശോഭ സിറ്റി മാളിനും, ഹയാത്ത് സെന്ററിനും ഉള്ള എന്ത് പ്രയോരിറ്റിയാണ് സാധാരണക്കാർക്ക് ഇല്ലാത്തതെന്ന് സർക്കാർ വ്യക്തമാക്കണം. ആദ്യം മാളും ഹയാത്ത് സെന്ററും പൊളിച്ചു കളഞ്ഞു കെ റയിൽ കൊണ്ട് വരുന്നത് പോലുള്ള യഥാർത്ഥ പാത തന്നെ നടപ്പാക്കാൻ സർക്കാർ തയ്യാറാകണം. ഈ പദ്ധതി ജനങ്ങൾക്ക് വേണ്ടിയാണെങ്കിൽ ജനങ്ങൾ അതിന് കൂട്ട് നിൽക്കുമായിരുന്നു. പക്ഷെ, ഇവിടെ മുതലാളിമാരെ സംരക്ഷിച്ച് പാവപ്പെട്ടവരെ തെരുവിലേക്കിറക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്.

ജനങ്ങളെ കുറ്റം പറയാൻ കഴിയില്ല, കാരണം അവർ ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ ഭൂമിയാണ് സർക്കാർ എടുത്തു കൊണ്ടു പോകുന്നത്. ഇനിയൊരിക്കലും അതുപോലെ ഒരു ഭൂമി അധ്വാനിച്ചു കൊണ്ട് വാങ്ങാൻ അവരെക്കൊണ്ട് കഴിവില്ല, ഭൂമിയുടെ വില കൂടിക്കൊണ്ടിരിക്കുന്നു, ഉപ്പ് മുതൽ കർപ്പൂരം വരേക്ക് കൂടിയ നികുതി കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങൾ, അവരെങ്ങനെയാണ് ഇനി ഇതുപോലൊരു കൂരയും ഭൂമിയും കെട്ടിപ്പടുക്കുക? വിട്ടുകൊടുക്കുമ്പോൾ അവർക്ക് കൃത്യമായ ഒരുറപ്പുണ്ടെങ്കിൽ ഇക്കാണുന്ന പ്രക്ഷോഭങ്ങൾ ഒന്നും ഇവിടെ സംഭവിക്കില്ലായിരുന്നു. മുൻപ് റെയില് വരും, വിമാനത്താവളം വരും, ബസ്റ്റാൻഡ് വരും, റോഡ് വീതികൂട്ടും എന്നൊക്കെ പറഞ്ഞ് എടുത്തു കൊണ്ടു പോയ ഭൂമിയോ, അതിനു തുല്യമായ പണമോ, പകരം താമസസ്ഥലമോ ഒന്നും പൂർണമായും നൽകാൻ ഇവിടുത്തെ സർക്കാറുകൾക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സാധാരണക്കാരെ ഇനിയും ദ്രോഹിക്കരുത്.

വികസനം നാടിന്റെ നട്ടെല്ല് തന്നെയാണ്, പക്ഷേ നാടിന്റെ നാഡികളായ മനുഷ്യരെ കുടിയിറക്കിയിട്ടല്ല ആ നട്ടെല്ല് ബലപ്പെടുത്തേണ്ടത്. ജനങ്ങളാണ് ഇവിടെയെല്ലാം, അവർക്ക് വേണ്ടാത്തതിനെ പിന്നെന്തിനാണ് നിർബന്ധിച്ചു കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത്. പ്രായ ഭേദമന്യേ കുട്ടികളെയും മുതിർന്നവരെയും വരെ പോലീസ് വലിച്ചിഴയ്ക്കുന്ന കാഴ്ച കാണേണ്ടി വരുന്നത് ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് വളരെ സങ്കടകരമാണ്.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button