പെർള: ജ്യേഷ്ഠനെ അനുജന് വാക്കത്തി കൊണ്ട് വെട്ടിക്കൊന്നു. മണിയമ്പാറ സെന്റ് ലോറൻസ് പള്ളിക്ക് സമീപം ഉപ്പളിഗെയിലെ ബല്‍ത്തീസ് ഡിസൂസ-അസേസ് മേരി ദമ്പതികളുടെ മകന് തോമസ് ഡിസൂസ(42)ആണ് മരിച്ചത്. സംഭവത്തില്‍ അനുജന് രാജേഷ് ഡിസൂസ (38) യെ ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തോമസും രാജേഷും ഒരുമിച്ചാണ് താമസം. രാത്രി അയല്‍വാസിയും ബന്ധുവുമായ വില്‍ഫ്രഡ് ഡിസൂസ തോമസ് ഡിസൂസയുടെ വീട്ടിലെത്തുകയും ചില പ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുകൂടുകയും ചെയ്തിരുന്നു. ഇതിനിടെ പ്രകോപിതനായ തോമസ് വില്ഫ്രഡിനെ വടികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഇതോടെ രാജേഷ് വാക്കത്തിയെടുത്ത് തോമസിനെ വെട്ടുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച തോമസിന്റെ മറ്റൊരു സഹോദരന് വിന്‍സന്റിനും പരിക്കേറ്റു.
സംഭവമറിഞ്ഞ് എന്മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.സോമശേഖര ബദിയടുക്ക പൊലീസില്‍ വിവരമറിയിച്ചു. ബദിയഡുക്ക ഇൻസ്പെക്ടർ അശ്വത്, എസ്ഐ കെ.പി.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയപ്പോഴേക്കും തോമസ് മരിച്ചിരുന്നു. കഴുത്തിനേറ്റ മാരകമായ മുറിവാണ് മരണകാരണം. ഒരു കൈ മുട്ടിന് താഴെ അറ്റുതൂങ്ങിയ നിലയിലായിരുന്നു.
സമയത്ത് ആശുപത്രിയിലെത്തിക്കാതിരുന്നതിനാല് രക്തം വാര്‍ന്നാണ് തോമസ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വില്ഫ്രഡിനെ ആദ്യം കാസര്‍ഗോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, പരുക്ക് ഗുരുതരമായതിനാല്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിന്‍സന്റും പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോമസും രാജേഷും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതിനിടയിലാണ് വില്‍ഫ്രഡ് ഇവരുടെ വീട്ടിലെത്തിയതെന്നും ഈ അവസരം മുതലെടുത്ത് രാജേഷ് കൊലപാതകം നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതി രാജേഷ് പൊലീസിനോട് കുറ്റം സമ്മതിച്ചു.
തോമസിന്റെ മൃതദേഹം ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തോമസും രാജേഷും അവിവാഹിതരാണ്. മറ്റു സഹോദരങ്ങൾ: മത്തേയൂസ്, അഗ്നേഷ്, കര്‍മിന.
Post Your Comments