Latest NewsIndiaInternational

സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നടിഞ്ഞ് ശ്രീലങ്ക: പട്ടിണിഭയന്ന് പലായനം

ഒരു ലിറ്റർ പാലിന് 263 രൂപയും ഒരു കിലോ അരിക്ക് 448 രൂപയുമായി.

കൊളംബോ: സാമ്പത്തികപ്രതിസന്ധിയിൽ കൂപ്പുകുത്തി ശ്രീലങ്ക. ജനജീവിതം താറുമാറായി. പട്ടിണി മുന്നിൽക്കണ്ട് ജനം പലായനം തുടങ്ങി. ആറ്‌ അഭയാർഥികൾ ചൊവ്വാഴ്ച തമിഴ്‌നാട്ടിലെ രാമേശ്വരത്തെത്തി. ഇന്ത്യൻ തീരസംരക്ഷണസേന ഇവരെ ചോദ്യം ചെയ്തു. ശ്രീലങ്കയിൽ ഭക്ഷണത്തിനുവരെ ക്ഷാമം നേരിടുന്നുണ്ടെന്നും പട്ടിണിയുടെ വക്കിലെത്തിയപ്പോഴാണ് പലായനം ചെയ്തതെന്നും ഇവർ അറിയിച്ചതായി തീരസംരക്ഷണസേനാ വൃത്തങ്ങൾ പറഞ്ഞു.

ഭർത്താവും ഭാര്യയും നാലുമാസം പ്രായമുള്ള മകനും മറ്റൊരു സ്ത്രീയും അവരുടെ ആറും പന്ത്രണ്ടും വയസ്സുള്ള രണ്ടു മക്കളുമാണ് അഭയാർഥികളായുള്ളത്. ശ്രീലങ്കയിൽനിന്ന് ബോട്ടിൽ രക്ഷപ്പെട്ടതായിരുന്നു ഇവർ. ഇന്ത്യൻ തീരസംരക്ഷണസേനയുടെ നിയന്ത്രണത്തിലുള്ള അരിചാൽമുന്നയിലെ ദ്വീപിൽ ബോട്ടുകാരനാണ് ഇവരെ ഇറക്കിയത്. യാത്രക്കൂലിയായി 50,000 രൂപ നൽകിയതായി അഭയാർഥികൾ പറഞ്ഞു.

ശ്രീലങ്കയിൽനിന്ന് ബോട്ടുകളിൽ ഇന്ത്യയിലേക്ക് കടക്കാൻ ഒട്ടേറെപ്പേർ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. തീരസംരക്ഷണസേനയുടെ ബോട്ട് (ഹോവർക്രാഫ്റ്റ്) ഉപയോഗിച്ചാണ് അഭയാർഥികളെ രക്ഷിച്ചത്. ക്യാമ്പിലെത്തിച്ച് ഭക്ഷണം നൽകിയശേഷം പോലീസിനു കൈമാറി. തുടർന്ന്, ഇവരെ മണ്ഡപം ശ്രീലങ്കൻ അഭയാർഥിക്യാമ്പിലേക്കു മാറ്റി.

ശ്രീലങ്കയിൽ അവശ്യസാധനങ്ങൾക്ക് പൊള്ളുന്ന വിലയാണ്. വിലക്കയറ്റവും ക്ഷാമവും കാരണം പെട്രോളിനും ഡീസലിനും നിയന്ത്രണം ഏർപ്പെടുത്തി. പമ്പുകൾക്കുമുന്നിലെത്തിയ വലിയ ജനക്കൂട്ടത്തെ നേരിടാൻ പോലീസ് പാടുപെടുകയാണ്. ഇതോടെ, പട്ടാളമാണ് ഇപ്പോൾ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത്.  രാജ്യത്തിന്റെ പല ഭാഗങ്ങളിലും യുദ്ധകാലത്തുപോലും കാണാത്ത പ്രതിസന്ധിയാണ്.

പ്രസിഡന്റ് ഗോതബായ രാജപക്സെ രാജിവെക്കണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങൾ തെരുവിലിറങ്ങി. ഒരു ലിറ്റർ പാലിന് 263 രൂപയും ഒരു കിലോ അരിക്ക് 448 രൂപയുമായി. അസംസ്കൃത എണ്ണയുടെ ശേഖരം തീർന്നതോടെ ഏക സംസ്കരണശാല പൂട്ടി. ചോദ്യം അച്ചടിക്കാനുള്ള കടലാസിന്റെയും മഷിയുടെയും ക്ഷാമംമൂലം സ്കൂൾ പരീക്ഷകൾ അനിശ്ചിത കാലത്തേക്ക് മാറ്റി. ഗത്യന്തരമില്ലാത്ത അവസ്ഥയിൽ, പല അവശ്യവസ്തുക്കളുടെയും ഇറക്കുമതി നിർത്തിവെക്കാൻ സർക്കാർ നിർബന്ധിതരായതാണ് ഭക്ഷ്യക്ഷാമത്തിലേക്ക് നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button