ന്യൂഡൽഹി: ബംഗാളില്‍ പത്തുപേരുടെ മരണത്തിനിടയാക്കിയ തൃണമൂൽ പാർട്ടി പ്രവർത്തകരുടെ ഏറ്റുമുട്ടലിലും രാഷ്ട്രീയ സംഘര്‍ഷങ്ങളിലും ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. സംഘര്‍ഷം നടന്ന ബിര്‍ഭൂം കേന്ദ്രസംഘം നാളെ സന്ദര്‍ശിക്കും. പത്തുപേര്‍ കൊല്ലപ്പെടാനിടയായ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥനെ ബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തെത്തുടര്‍ന്നാണ് അക്രമമുണ്ടായതെന്ന് പോലീസ് പറയുന്നു. അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചതിനെത്തുടര്‍ന്ന് പത്ത് പേരാണ് കൊല്ലപ്പെട്ടത്. ഒരു വീട്ടില്‍ നിന്നും ഏഴ് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ ഫയര്‍ഫോഴ്സ് കണ്ടെത്തി. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നാണ് നാട്ടുകാരുടെ ആരോപണം. ആക്രമണത്തില്‍ 12 വീടുകളാണ് പൂർണ്ണമായും കത്തി നശിച്ചത്.
എന്നാല്‍, സംഘര്‍ഷത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു. വ്യക്തിവൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നാണ് തൃണമൂലിന്റെ വാദം. അതേസമയം, സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവെക്കണമെന്ന ആവശ്യം ബിജെപി ശക്തമായി ഉന്നയിക്കുകയാണ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മമത സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നതിനാലാണ് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ബംഗാളിലെ ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂലിന്റെ വിജയാഹ്ലാദം നടക്കുന്നതിനിടെ ആയിരക്കണക്കിന് ബിജെപി പ്രവർത്തകർക്ക് നേരെ, ഇതേ ആക്രമണം തൃണമൂൽ അഴിച്ചു വിട്ടതായും ബിജെപി ചൂണ്ടിക്കാട്ടി. ക്രമസമാധാന നില ആകെ തകര്‍ന്നെന്നും രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി കല്‍ക്കട്ടാ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Post Your Comments