കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. പാചകവാതക വില ഇനിയും ഉയരുമെന്ന ആശങ്കമൂലം ആളുകൾ മണ്ണെണ്ണ കൂടുതലായി വാങ്ങിത്തുടങ്ങി. പാചകവാതക സിലിണ്ടറിന് 1359 രൂപയാണ് (372 ഇന്ത്യൻ രൂപ) കൂട്ടിയത്. മണിക്കൂറുകളോളമാണ് ഇവിടെ പവർ കട്ട് ഉണ്ടാകുന്നത്. പെട്രോൾ മുതൽ കടലാസിന് വരെ വൻ ക്ഷാമമാണ് രണ്ടേകാൽ കോടി മാത്രം ജനസംഖ്യയുള്ള ഈ കൊച്ചു രാജ്യത്ത് ഇപ്പോഴുള്ളത്.
രാജ്യത്ത് ഇന്ധനക്ഷാമവും രൂക്ഷമായി. ഭക്ഷണം മുതൽ മരുന്നുകൾ വരെയുള്ള അവശ്യസാധനങ്ങൾ കിട്ടാതെയായി. ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയർന്നു. 400 ഗ്രാം പാൽപ്പൊടിക്ക് 250 രൂപയാണ് വിലയാണ് (ഇന്ത്യയിലെ 68 രൂപ) ഇതോടെ ഹോട്ടലുകളിൽ ഒരു കപ്പ് ചായയ്ക്ക് 100 രൂപയായി (27 ഇന്ത്യൻ രൂപ). ഒരു കിലോ പാൽപ്പൊടിക്ക് 1945 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. വിദേശനാണ്യ ലഭ്യത കുറഞ്ഞതിനെ തുടർന്ന്, അച്ചടി സ്ഥാപനങ്ങൾക്ക് കടലാസും മഷിയും ഇറക്കുമതി ചെയ്യാനാകുന്നില്ലെന്ന് പടഞ്ഞാറൻ പ്രവിശ്യയിലെ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഇതോടെ, ഇവിടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകൾ മാറ്റിവെച്ചിരിക്കുകയാണ്.
ലങ്കൻ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തിയിരുന്ന ടൂറിസം, കൃഷി, വാണിജ്യം തുടങ്ങിയ എല്ലാ മേഖലകളിലും പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞ നവംബർ മുതൽ ആണ് പ്രശ്നം രൂക്ഷമായത്. വിദേശ കടം വീട്ടാൻ കഴിയാതെ വന്നതോടെ, മുന്നോട്ടുള്ള പോക്ക് ലങ്കയ്ക്ക് ബുദ്ധിമുട്ടായി മാറി. നിലനിൽപ്പിനായി എല്ലാ വസ്തുക്കൾക്കും വില കൂടിയിരിക്കുകയാണ്. എല്ലാ ഉൽപ്പന്നങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യണം എന്ന അവസ്ഥയായതിനാൽ ലങ്കയിലെ എല്ലാ വസ്തുക്കൾക്കും ഇപ്പോൾ ഇരട്ടി വിലയാണ്. രാജ്യത്ത് പാൽപ്പൊടിയുടെ വില അവസാനമായി ഉയർത്തിയത് 2021 ഡിസംബറിലാണ്. അന്ന് 400 ഗ്രാം പാക്കറ്റ് വില 60 രൂപയും ഒരു കിലോ പാക്കറ്റ് വില 150 രൂപയുമാണ് ഉയർത്തിയത്. അതിനു ശേഷം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, വില കുത്തനെ ഉയർത്തിയിരിക്കുകയാണ് ഇറക്കുമതിക്കാർ.
അതേസമയം, 700 കോടി ഡോളറാണ് (50,000 കോടി ഇന്ത്യൻ രൂപ) ഇപ്പോൾ ലങ്കയുടെ വിദേശകടം. ഇതു വീട്ടാൻ അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് 700 കോടി ഡോളർ വായ്പ ആവശ്യപ്പെട്ട ലങ്കയ്ക്ക്, ഇന്ത്യ 100 കോടി നൽകാമെന്നേറ്റു. ഇന്ധനം വാങ്ങാൻ 50 കോടി ഡോളറും സാർക്ക് കറൻസി സഹകരണത്തിന്റെ ഭാഗമായി 40 കോടി ഡോളറും മുൻപ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ്, ഇപ്പോഴത്തെ 100 വാഗ്ദാനം. ഇതോടെ, മൊത്തം 241.5 കോടി ഡോളറാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകുന്നത്. കൂടാതെ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രണ്ടു മാസത്തെ ക്രെഡിറ്റിൽ 40,000 ടൺ ഇന്ധനവും നൽകി. ടൂറിസം, ഊർജ്ജ മേഖലകളിൽ സഹകരണവും വിവിധ മേഖലകളിൽ നിക്ഷേപാവും നടത്തുമെന്ന് ഇന്ത്യ ശ്രീലങ്കയെ അറിയിച്ചിരുന്നു. കോവിഡിന് പിന്നാലെ, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി മാറുകയായിരുന്നു. വിദേശനാണ്യ ശേഖരം കൂപ്പുകുത്തിയതാണ് ശ്രീലങ്കയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം.
Post Your Comments