കല്‍പ്പറ്റ: വയനാട്ടിൽ മോഷ്ടിച്ച വാഹനവുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പരിവാഹൻ ആപ്പിലെ സേവനം വഴി കള്ളൻ പൊലീസിന്റെ പിടിയിലായി. വാഹനത്തിന്റെ രേഖകൾ പരിശോധിച്ച ആര്‍.ടി.ഒ നടപടിയെടുത്തതും, നിയമലംഘനത്തിന് പിഴ ഈടാക്കിയതുമാണ് മോഷ്ടാവിനെ കുരുക്കിയത്. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷണം പോയ വാഹനമാണ് ഇത്തരത്തിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
പരിവാഹന്‍ ഡാറ്റാബേസിൽ വാഹനയുടമ നിലവിലെ മൊബൈല്‍ നമ്പര്‍ അപ്ലോഡ് ചെയ്തതാണ് മോട്ടോര്‍ വാഹന വകുപ്പിനെയും പൊലീസിനെയും തുണച്ചത്. ഫെബ്രുവരി 24 ന് വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അനൂപ് വര്‍ക്കിയുടെ നിര്‍ദ്ദേശപ്രകാരം, എം.വി.ഐ സുധിന്‍ ഗോപി, എ.എം.വി.ഐമാരായ ഗോപീകൃഷ്ണന്‍, ടി.എ സുമേഷ് എന്നിവരാണ് ലക്കിടിയില്‍ വാഹനപരിശോധന നടത്തിയത്.
ഈ സമയം അതുവഴി വന്ന ഇരുചക്രവാഹനം സ്വാഭാവികമായി ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും, ഇന്‍ഷുറന്‍സ് രേഖ ഇല്ലാത്തതിനാൽ 2000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരിവാഹന്‍ ഡാറ്റാബേസില്‍ മൊബൈൽ നമ്പർ അപ്ലോഡ് ചെയ്ത വാഹനയുടമകൾക്കും, വാഹനം ഓടിച്ച ആൾക്കും ആര്‍.ടി.ഒയുടെ പരിശോധനാ റിപ്പോര്‍ട്ട് സന്ദേശമായി ലഭിക്കും. മൊബൈലില്‍ സന്ദേശം ലഭിച്ച ഉടനെ വാഹനയുടമ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതാണ് കള്ളനെ പിടിക്കാൻ സഹായിച്ചത്.
Post Your Comments