ഡൽഹി: ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള 29 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് തിരികെ നൽകി ഓസ്ട്രേലിയ. പ്രത്യേകതകൾ കാരണം ആറ് വിഭാഗങ്ങളായി വേർതിരിച്ചിരിക്കുന്ന പുരാവസ്തുക്കളാണ് ഓസ്ട്രേലിയ രാജ്യത്തിന് മടക്കി നൽകിയിരിക്കുന്നത്. തിരികെ ലഭിച്ച പുരാവസ്തുക്കളിൽ ശിവൻ, മഹാവിഷ്ണുവിന്റെ അവതാരങ്ങൾ എന്നിവയുടെ വിഗ്രഹങ്ങൾ, ജൈന പാരമ്പര്യം വ്യക്തമാക്കുന്ന പുരാവസ്തുക്കൾ, ഛായാചിത്രങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു.
ഇവ 9 മുതൽ 10 വരെയുള്ള നൂറ്റാണ്ടുകളിലെ വിവിധ കാലഘട്ടങ്ങളിൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്നു. ഈ ശിൽപങ്ങളും ചിത്രങ്ങളും മണൽക്കല്ല്, മാർബിൾ, വെങ്കലം, താമ്രം, കടലാസ് എന്നിങ്ങനെ വിവിധ വസ്തുക്കളിലാണ് നിർമ്മിച്ചിരിക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള പുരാതന വസ്തുക്കളാണ് ഓസ്ട്രേലിയ കൈമാറിയിരിക്കുന്നത്. തിരികെ എത്തിയ പുരാവസ്തുക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദമായി പരിശോധിച്ചു.
ഓസ്ട്രേലിയ മുൻപും ഇന്ത്യയിൽ നിന്നുള്ള പുരാവസ്തുക്കൾ തിരികെ നൽകിയിരുന്നു. 2016 ൽ കാൻബെറയിൽ നടന്ന ഒരു ചടങ്ങിൽ വെച്ച് ഓസ്ട്രേലിയയിലെ നാഷണൽ ഗാലറി അവരുടെ ഏഷ്യൻ ആർട്ട് ശേഖരത്തിൽ സൂക്ഷിച്ചിരുന്ന പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് മടക്കി തന്നത് വാർത്തയായിരുന്നു.
Post Your Comments