ന്യൂഡല്‍ഹി: രാജ്യത്തെ 3 കോടിയിലധികം വരുന്ന കര്‍ഷകരെ പ്രതിനിധീകരിച്ചിരുന്നത്, 71 കര്‍ഷക സംഘടനകള്‍ ആയിരുന്നു. ഇതില്‍, 61 കര്‍ഷക യൂണിയനുകളും കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചിരുന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി അംഗങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 84% കര്‍ഷക യൂണിയനുകളും, കര്‍ഷക പ്രക്ഷോഭങ്ങളെ തുടര്‍ന്ന് റദ്ദാക്കിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചിരുന്നതായി കമ്മിറ്റി അംഗങ്ങള്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ചയാണ് സമിതി അംഗങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങളോട് ഇവര്‍ മുഖം തിരിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ, കര്‍ഷകരുടെ പ്രതിഷേധം വ്യാപകമായപ്പോള്‍, നിയമങ്ങളുടെ വശങ്ങള് പഠിക്കാന്‍ സുപ്രീം കോടതി, വിദഗ്ദ്ധ സംഘത്തെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചിരുന്നു. കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, അനില്‍ ഘന്‍വത്, ഷേത്കാരി സംഘടന, ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രമോദ് കുമാര്‍ ജോഷി, ഭാരതീയ കിസാന്‍ യൂണിയന്റെ ഒരു വിഭാഗം പ്രസിഡന്റ് ഭൂപീന്ദര്‍ സിംഗ് മാന്‍ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്നത്.
നിയമങ്ങള്‍ ഇതിനകം റദ്ദാക്കിയതിനാല്‍ സമിതിയുടെ നിരീക്ഷണങ്ങള്‍ക്ക് കാര്യമായ പ്രാധാന്യമൊന്നുമില്ലെന്ന് സമിതി അംഗങ്ങള്‍ പറയുന്നു.
Post Your Comments