മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി. പ്രണയത്തിലായ യുവാവും സുരക്ഷിതമായ ഭാവിക്ക് അർഹനാണെന്ന് കാണിച്ചാണ് ജാമ്യം. പ്രതിയായ യുവാവിന് 21 വയസ് മാത്രമാണുള്ളതെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയബന്ധത്തിലേർപ്പെട്ടതിനാൽ യുവാവിനും, തന്റെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്.
16 വയസുകാരിയായ പെൺകുട്ടിയുമായി പ്രണയത്തിലായി, ഇരുവരും ഒളിച്ചോടിയ കേസിലാണ് പ്രതിയായ യുവാവിന് കോടതി ജാമ്യം അനുവദിച്ചത്. പ്രണയിച്ച് ഒളിച്ചോടിയതാണെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ തട്ടിക്കൊണ്ട് പോകലിനും ബലാത്സംഗത്തിനുമാണ് കാമുകനായ ആൺകുട്ടിക്കെതിരെ പോലീസ് കേസെടുത്തത്. കേസിൽ 31 ദിവസത്തോളം ജയിലിൽ കഴിഞ്ഞ യുവാവ്, തനിക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വിധി.
കൗമാരക്കാർക്കിടയിലെ ലൈംഗിക പക്വതയുടെ വശങ്ങളെക്കുറിച്ചും അത്തരം കേസുകളിൽ പരിഗണിക്കേണ്ട ഘടകങ്ങളെക്കുറിച്ചും നിരീക്ഷിച്ച ബോംബെ ഹൈക്കോടതി യുവാവിന് ജാമ്യം അനുവദിക്കുകയായിരുന്നു. യുവാവിനെ കൊടും കുറ്റവാളികൾക്കൊപ്പം തടവിലാക്കേണ്ട ആവശ്യമില്ലെന്നും ക്രിമിനൽ പശ്ചാത്തലമുള്ള ആളല്ല ഇയാളെന്നും ജാമ്യം അനുവദിച്ച പ്രത്യേക പോക്സോ കോടതി പറഞ്ഞു. സമാനമായ കേസിൽ കഴിഞ്ഞ ആഴ്ച പുറത്തുവന്ന ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പോക്സോ കോടതി യുവാവിന് ജാമ്യം അനുവദിച്ചത്.
ലൈംഗികാഭിലാഷം ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്നായിരുന്നു നിരാഹത്തെ ഹൈക്കോടതി നിരീക്ഷിച്ചത്. ജീവശാസ്ത്രപരമായി കുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ, അവർ അവരുടെ ലൈംഗിക ആവശ്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങുന്നുവെന്നും, ലൈംഗിക ബന്ധങ്ങളെക്കുറിച്ച് അറിയാൻ അവർക്ക് ധാരാളം സോഴ്സുകൾ ലഭിക്കുന്നതാണ് ഇതിന് കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതുവഴി, ഇന്നത്തെ കൗമാരക്കാർ ലൈംഗികതയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളിലേക്ക് വീണുപോവുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
Post Your Comments