ചെന്നൈ: ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് പൊലീസാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. തിരുനെല്‍വേലിയില്‍ നിന്ന് കോവൈ റഹ്മത്തുള്ള, തഞ്ചാവൂരില്‍ നിന്ന് എസ് ജമാല്‍ മുഹമ്മദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടകയിലും തമിഴ്നാട്ടിലും മതസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
മധുരൈയിലെ യോഗത്തില്‍ തമിഴ്നാട് തൗഹീദ് ജമാഅത്ത് ഓഡിറ്റിങ് കമ്മിറ്റി അംഗം കോവൈ റഹ്മത്തുള്ള നടത്തിയ പ്രസംഗം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. തെറ്റായ വിധി പ്രസ്താവിച്ച ജഡ്ജി ഝാര്‍ഖണ്ഡില്‍ പ്രഭാത സവാരിക്കിടെ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു റഹ്മത്തുള്ളയുടെ പ്രസംഗം. വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ബിജെപി നമ്മളെ കുറ്റപ്പെടുത്തുമെന്നും സമുദായത്തില്‍ വൈകാരികമായി പ്രതികരിക്കുന്നരുണ്ടെന്നും റഹ്മത്തുള്ള പ്രസംഗിച്ചു.
തുടര്‍ന്ന്, പൊലീസ് കേസെടുത്തു. തമിഴ്നാട് തൗഹീദ് ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഹബീബുല്ലക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് റാജിക് മുഹമ്മദ് എന്നയാള്‍ക്കെതിരെയും കേസെടുത്തു.
മാര്‍ച്ച് 15നാണ്, കര്‍ണാടകയിലെ ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്. ഹിജാബ് മതപരമായി നിര്‍ബന്ധമല്ലെന്നും വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നടപടി തുടരാമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.
Post Your Comments