ന്യൂഡൽഹി: കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിന് അഭിനന്ദനവുമായി കോൺഗ്രസിന്റെ ദേശീയ വക്താവ് ഷമ മുഹമ്മദ്. കേരളത്തിൽ നിന്ന് രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട ജെബിക്ക് അഭിനന്ദനങ്ങൾ നേർന്ന ഷമ, 40 വർഷത്തിന് ശേഷം കേരളത്തിലെ ഐ.എൻ.സിയിൽ നിന്ന് ഒരു വനിത നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.
അതേസമയം, ജെബിയെ കൂടാതെ എം ലിജു, ജയ്സൺ ജോസഫ് എന്നിവരുടെ പേരുകളും അവസാനം വരെ ഉയർന്ന് കേട്ടിരുന്നു. എന്നാൽ, സാധ്യത കൂടുതൽ വനിതയ്ക്കായിരിക്കുമെന്ന് റിപ്പോർട്ടുകൾ വന്നതോടെ ജെബിക്കൊപ്പം, ജ്യോതി വിജയകുമാർ, ഷമ മുഹമ്മദ് എന്നീ പേരുകളും സാധ്യതാ പട്ടികയിൽ ഇടംപിടിച്ചു. ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുപ്പിൽ തോറ്റതിനാലാണ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം പേരുകൾ കൈമാറി മൂന്നു മണിക്കൂറുകൾക്കകം തന്നെ, ഹൈക്കമാൻഡ് ജെബിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള പ്രവർത്തിപരിചയം, മുസ്ലിം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം ഈ മൂന്ന് ഘടകങ്ങളാണ് ജെബിയെ തുണച്ചത്. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു മുസ്ലിം വനിത രാജ്യസഭയിലെത്തുന്നത്.
Post Your Comments