KeralaLatest NewsIndia

ടിഎൻ പ്രതാപനെ പോലെ എഴുതിക്കൊണ്ട് വന്ന് വായിക്കുന്നതിൽ കാര്യമില്ല, അത് സുരേഷ് ഗോപിയിൽ നിന്ന് പഠിക്കണം: കെപി സുകുമാരൻ

'രാഹുൽ ഗാന്ധിക്ക് ഗാന്ധി എന്ന സർനെയിം കിട്ടിയത് അദ്ദേഹത്തിന്റെ മുത്തച്ഛൻ ഫിറോസ് 'ഗാന്ധി' മുഖേനയാണ്, മഹാത്മാ ഗാന്ധി മൂലമല്ല'

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലെ സ്ഥാനാർത്ഥിക്കായുള്ള കാത്തിരിപ്പ് അവസാനിച്ചെങ്കിലും, സോഷ്യൽ മീഡിയയിൽ കോൺഗ്രസ് അനുഭാവികൾ ഇപ്പോഴും ചർച്ചകളിലാണ്. സോണിയ ഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള പരാദങ്ങളെ അമർച്ച ചെയ്യണമെന്ന് കെസി വേണുഗോപാലിനെ ഉന്നം വെച്ച് എഴുത്തുകാരൻ കെപി സുകുമാരൻ പറയുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിൽ സുരേഷ് ഗോപിയെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

രാഹുൽ ഗാന്ധിക്ക് ഗാന്ധി എന്ന സർനെയിം കിട്ടിയത് അദ്ദേഹത്തിന്റെ മുത്തച്ഛൻ ഫിറോസ് ഗാന്ധി മുഖേനയാണ്. അല്ലാതെ മഹാത്മ ഗാന്ധിജിയിൽ നിന്നല്ല. ഫിറോസ് എങ്ങനെ ഗാന്ധി എന്ന സർനെയിം സ്വീകരിച്ചു എന്ന ചരിത്രമൊന്നും ചികയുന്നതിൽ കാര്യമില്ല. അതിനെ പറ്റി പല ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും. ഫിറോസ് ഗാന്ധിയുടെ കൊച്ചുമകനാണ് രാഹുൽ ഗാന്ധി. അത്രേയുള്ളൂ. മഹാത്മ ഗാന്ധിയുടെ കുടുംബക്കാരാണ് ഞങ്ങൾ എന്ന് ഇന്ദിര ഗാന്ധി മുതൽ രാഹുൽ ഗാന്ധി വരെ ആരും അവകാശപ്പെടുന്നുമില്ല.

ഫിറോസ് ഗാന്ധി ഉജ്ജ്വലനായ രാഷ്ട്രീയ നേതാവും പത്ര പ്രവർത്തകനും പാർലമെന്റേറിയനും ആയിരുന്നു. റായ്ബറേലി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ലോക്‌സഭയിൽ എത്തിയിരുന്നത്. തന്റെ ഭാര്യാപിതാവായ നെഹ്‌റു പ്രധാനമന്ത്രി ആയിട്ടും സർക്കാരിലെ അഴിമതിക്കെതിരെ അദ്ദേഹം ഘോരഘോരം പോരാടിയിരുന്നു. ഒരു ഘട്ടത്തിൽ ഫിറോസ് ഗാന്ധി ഉന്നയിച്ച അഴിമതിയാരോപണത്തിന്റെ പേരിൽ ധനമന്ത്രി ആയിരുന്ന ടി.ടി.കൃഷ്ണമാചാരിക്ക് രാജി വെക്കേണ്ടി വന്നിരുന്നു. 1960 ൽ നാല്പത്തിയെട്ടാമത്തെ വയസ്സിലാണ് ഫിറോസ് ഗാന്ധി ഹാർട്ട് അറ്റാക്കിനാൽ മരണപ്പെടുന്നത്.

ഇത്രയും പറയാൻ കാരണം, അസംബ്ലിയിൽ ഒരു സി.പി.എം. അംഗം ഘണ്ഡി എന്നത് അടിച്ചു പരത്തിയാണ് രാഹുൽ ഗാന്ധിക്ക് ഗാന്ധി എന്ന സർനെയിം ലഭിച്ചത് എന്ന് ആരോപിക്കുകയും അതിനെതിരെ കോൺഗ്രസ്സ് അംഗങ്ങൾ വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്ന വീഡിയോ കണ്ടത് കൊണ്ടാണ്. പറയാൻ വന്നത് രാജ്യസഭ സീറ്റിനെ പറ്റിയായിരുന്നു. ഹിന്ദിയിലോ ഇംഗ്ലീഷിലോ നന്നായി പ്രസംഗിക്കാൻ അറിയുന്നവരാണ് രാജ്യസഭയിൽ ആയാലും ലോകസഭയിൽ ആയാലും പോകേണ്ടത്. എങ്കിലേ കാര്യമുള്ളൂ.

ടി.എൻ.പ്രതാപനെ പോലെ ഇംഗ്ലീഷിൽ എഴുതിക്കൊണ്ട് വന്ന് വായിക്കുന്നതിലും കാര്യമില്ല. രാഷ്ട്രീയം മനസ്സിൽ നിന്ന് എടുത്ത് നേരിട്ട് പ്രസംഗിക്കണം. എഴുതി വായന സെമിനാറുകളിൽ നല്ലതാണ്. അത് സുരേഷ് ഗോപിയിൽ നിന്ന് പഠിക്കണം. എത്ര അനായാസമായും സഭയിൽ സന്നിഹിതരായവരുടെ മനസ്സിലേക്ക് തുളച്ച് കയറുന്നത് പോലെയുമാണ് സുരേഷ് ഗോപി ഇംഗ്ലീഷിൽ പ്രസംഗിച്ചത്. മലയാളി അംഗങ്ങൾക്ക് പുച്ഛം ആണെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗം കൊള്ളേണ്ടിടത്ത് കൊണ്ടിരിക്കും.

ജെബി മേത്തർ രാജ്യസഭയിൽ എത്തുമ്പോൾ അത് അവർക്ക് കൊള്ളാം. അല്ലാതെ രാഷ്ട്രീയമായി കോൺഗ്രസ്സിനോ കേരളത്തിനോ ഒരു പ്രയോജനവും ഇല്ല. പിന്നെ ഒന്നുണ്ട് കെ.സുധാകരനെ ഒന്ന് മെല്ലെ ഒതുക്കിയല്ലോ എന്ന് കെ.സി. വേണുഗോപാലിന് മനസ്സിൽ ആഹ്ലാദിക്കാം. ഉപദേശകർ എന്ന പേരിൽ ഹൈക്കമാണ്ടിൽ കയറിപ്പറ്റുന്ന പരാദങ്ങളാണ് സോണിയ കാലഘട്ടത്തിൽ കോൺഗ്രസ്സിനെ ഈ നിലയിൽ എത്തിച്ചത്. എ.കെ.ആന്റണിയും അഹമ്മദ് പട്ടേലും ഒക്കെ അവരുടെ ദൗത്യം ഭംഗിയായി നിർവ്വഹിച്ചു. കെ.സി.ക്കാണ് ഇപ്പോൾ ആ മഹാഭാഗ്യം ലഭിച്ചിരിക്കുന്നത്.

നടുറോഡിൽ കാളക്കുട്ടിയെ അറുത്ത് സംഘിവിരോധം എന്ന വ്യാജേന ഹിന്ദു വിരോധം അക്രമാസക്തമായി പ്രകടിപ്പിച്ച ആളാണെങ്കിലും റിജിൽ മാക്കുറ്റി പറഞ്ഞതിൽ കാര്യമുണ്ട്. ഡൽഹിയിൽ പോയി കാര്യം സാധിക്കുന്ന കാലത്തോളം കോൺഗ്രസ്സ് രക്ഷപ്പെടില്ല എന്നാണ് മാക്കുറ്റി പറഞ്ഞത്. അതാണ് കോൺഗ്രസ്സുകാർക്ക് ഇനിയും കൈവരിക്കാൻ കഴിയാത്ത വിവേകം. സംസ്ഥാന പാർട്ടി പ്രശ്നങ്ങളിൽ പി.സി.സി. അദ്ധ്യക്ഷന്മാർ പറയുന്നതായിരിക്കണം അവസാനത്തെ വാക്ക്. അല്ലെങ്കിൽ പിന്നെ സംസ്ഥാനങ്ങളിൽ എന്തിനാണ് പ്രസിഡണ്ടുമാർ.

കെ.സി. വേണുഗോപാലിന് കെ.പി.സി.സി. പ്രസിഡണ്ട് ആകാനുള്ള യോഗ്യത നിലവിൽ ഇല്ല. പക്ഷെ ഡൽഹിയിൽ ഇരുന്നുകൊണ്ട് കെ.സുധാകരനെ ഭരിക്കാനും സുധാകരന്റെ തീരുമാനങ്ങളെ വെട്ടിത്തിരുത്താനും കഴിയുന്നു. ഇങ്ങനെ ഡൽഹിയിൽ സുൽത്താന്മാരായി ഇരുന്നുകൊണ്ട് സംസ്ഥാനങ്ങളിൽ വലിയ പിന്തുണയുള്ള ജനനേതാക്കളെ ഭരിക്കുകയും നിഷ്പ്രഭരാക്കുകയും ചെയ്തത് കൊണ്ടാണ് എല്ലാ സ്റ്റേറ്റുകളിലും കോൺഗ്രസ്സ് തുടച്ചു നീക്കപ്പെട്ടത്. കേരളത്തിലും അതാണ് സംഭവിക്കാൻ പോകുന്നത്. റിജിൽ മാക്കുറ്റി പറഞ്ഞത് പോലെ കോൺഗ്രസ്സ് രക്ഷപ്പെടാനുള്ള ഒരു സാധ്യതയും കാണുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button