ന്യൂഡൽഹി: കോൺഗ്രസ് ഹൈക്കമാൻഡിനെ വീണ്ടും സമ്മർദ്ദത്തിലാക്കി 24 മണിക്കൂറിനുള്ളിൽ ജി-23 നേതാക്കളുടെ രണ്ടാം യോഗം. വ്യാഴാഴ്ച ഏഴോടെ, മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ വീട്ടിൽ വെച്ച്, കപിൽ സിബൽ, ആനന്ദ് ശർമ, ഭൂപീന്ദർ സിങ് ഹൂഡ, ജനാർദൻ ത്രിവേദി തുടങ്ങിയവരാണ് യോഗം ചേർന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാനാവില്ലെന്ന പൊതുവികാരം നേതാക്കൾ പങ്കുവെച്ചു. ബുധനാഴ്ച വൈകിട്ട് ജി-23ലെ 18 നേതാക്കളും ചില പുതുമുഖങ്ങളും യോഗംചേർന്ന് കോൺഗ്രസിന് കൂട്ടായ നേതൃത്വവും കൂടിയാലോചനയും വേണമെന്ന് പ്രസ്താവനയിറക്കിയിരുന്നു.
ജി-23 നേതാക്കളുടെ യോഗവിവരമറിഞ്ഞ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഗുലാം നബി ആസാദിനെ ബുധനാഴ്ച ഫോണിൽ വിളിച്ചിരുന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ചചെയ്യുകയാണ് ലക്ഷ്യമെന്നാണ് ആസാദ് സോണിയയെ ധരിപ്പിച്ചത്. പിന്നാലെ, യോഗത്തിൽ പങ്കെടുത്ത മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയെ വ്യാഴാഴ്ച രാവിലെ രാഹുൽഗാന്ധിയും നേരിട്ടുകണ്ടു ചർച്ചനടത്തി. ഹൂഡയോട്, പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതിൽ ജി-23 നേതാക്കളുടെ അഭിപ്രായം രാഹുൽ ഗാന്ധി ആരാഞ്ഞതായാണ് റിപ്പോർട്ട്.
പാർട്ടിയെ പിളർത്താൻ താത്‌പര്യമില്ലെന്ന് ഹൂഡ രാഹുലിനെ അറിയിച്ചതായി സൂചനയുണ്ട്. ഇതിനുപിന്നാലെ, ഹൂഡ, മറ്റൊരു ജി-23 നേതാവായ ആനന്ദ് ശർമയോടൊപ്പം ആസാദിനെ കണ്ടു. തുടർന്നാണ് രാഹുലിന്റെയും സോണിയയുടെയും അഭിപ്രായങ്ങൾ ചർച്ചചെയ്യാൻ വൈകിട്ട് ഡൽഹിയിലുണ്ടായിരുന്ന ജി-23 നേതാക്കൾ ഒത്തുകൂടിയത്. പാർട്ടിയിൽനിന്ന് ഒരിക്കലും പുറത്തുപോകില്ലെന്നും പുറത്താക്കുംവരെ ഉള്ളിൽനിന്ന് ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നുമാണ് ജി-23 നേതാക്കളുടെ വാദം.
കഴിഞ്ഞദിവസം ഒത്തുകൂടിയവരിൽ, കേരളത്തിൽനിന്നുള്ള ശശി തരൂരിനും പി.ജെ. കുര്യനും പുറമേ, പുതിയ അംഗങ്ങളായി മണിശങ്കർ അയ്യർ, ലോക്‌സഭ എം.പി.യും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയുമായ പ്രണീത് കൗർ, ഗുജറാത്തിലെ നേതാവ് ശങ്കർസിങ് വഗേല എന്നിവരുമുണ്ടായിരുന്നു.
Post Your Comments