ന്യൂഡല്‍ഹി: നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഡല്‍ഹിക്കും മീററ്റിനും ഇടയില്‍ പ്രവര്‍ത്തനം നടത്താന്‍ പോകുന്ന അതിവേഗ ട്രെയിന്‍ പുറത്തിറക്കി. ഇരുനഗരങ്ങളും തമ്മിലുളള 82 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ വെറും 55 മിനിറ്റ് മാത്രമേ എടുക്കൂ.
ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് ഇടനാഴിയുടെ മുന്‍ഗണനാ വിഭാഗത്തില്‍ ട്രയല്‍ റണ്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. 180 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിനുകള്‍ യാത്രകാര്‍ക്ക് ഓരോ 5-10 മിനിറ്റിലും ലഭ്യമാകും. കൂടാതെ 14 സ്റ്റോപ്പുകളോടെ ഡല്‍ഹിക്കും മീററ്റിനും ഇടയിലുള്ള ദൂരം 55 മിനിറ്റിനുള്ളില്‍ മറികടക്കും.
82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് ഇടനാഴിയുടെ പണി അതിവേഗം പുരോഗമിക്കുകയാണ്. ദുഹായ്, മോദിപുരം എന്നിവിടങ്ങളിലെ രണ്ട് ഡിപ്പോകളും ജംഗ്പുരയില്‍ ഒരു സ്റ്റേബിളിംഗ് യാര്‍ഡും ഉള്‍പ്പെടെ 25 സ്റ്റേഷനുകളുണ്ടാകും. എലിവേറ്റഡ് വിഭാഗത്തിന്റെ അടിസ്ഥാന ജോലിയുടെ 80 ശതമാനത്തോളം എന്‍സിആര്‍ടിസി പൂര്‍ത്തിയാക്കി.
Post Your Comments