ജെറുസലേം: ഇസ്രായേലില്‍ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വകഭേദത്തിന്‍റെ ബി.എ 1, ബി.എ 2 എന്നിങ്ങനെ രണ്ട് സബ് വേരിയന്റുകള്‍ അടങ്ങിയതാണ് പുതിയ വകഭേദമെന്നും ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
ചെറിയ തോതിലുള്ള പനി, തലവേദന, പേശികളുടെ തളര്‍ച്ച എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. നിലവില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും പ്രത്യേക ചികിത്സ ഇതിന് ആവശ്യമില്ലെന്നുമാണ് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം പറയുന്നത്. പുതിയ വകഭേദം ആശങ്കപ്പെടുത്തുന്നതല്ലെന്ന് ഇസ്രായേല്‍ പാന്‍ഡമിക് റെസ്പോണ്‍സ് ചീഫ് സല്‍മാന്‍ സാര്‍ക്കയും പ്രതികരിച്ചു.
ഇസ്രായേലില്‍ ഇതുവരെ 1.4 ദശലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 8,244 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ 9.2 ദശലക്ഷം ജനസംഖ്യയിൽ നാല് ദശലക്ഷത്തിലധികം ആളുകൾ ബൂസ്റ്റര്‍ ഡോസടക്കം മൂന്ന് കോവിഡ് വാക്സിന്‍ ഡോസുകള്‍ സ്വീകരിച്ചതായാണ് വിവരം.
Post Your Comments