Latest NewsKeralaIndia

ശ്രീനിവാസ് കൃഷ്ണനെ എംപിയാക്കാൻ നേതൃത്വം, വാദ്രയുടെ നോമിനിയെ കെട്ടിയിറക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന ഘടകം

രാജ്യസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചിട്ടുണ്ട്.

ന്യൂഡൽഹി: കോൺഗ്രസിന്‍റെ രാജ്യസഭാ സീറ്റ് സ്ഥാനാർത്ഥിയെ ചൊല്ലി അനിശ്ചിതത്വവും ചർച്ചയും തുടരുന്നു. കേരളത്തിലെ, രാജ്യസഭാ സ്ഥാനാർത്ഥിയെ കെപിസിസി നിശ്ചയിക്കുമെന്ന നിലപാടിൽ തന്നെ കെ സുധാകരൻ ഉറച്ചു നിൽക്കുമ്പോൾ പിന്തുണയുമായി ഐ ഗ്രൂപ്പും രംഗത്തെത്തി. ഉമ്മൻ ചാണ്ടിയും ഇതിനോട് യോജിപ്പിലാണ്. എന്നാൽ, കെസി വേണുഗോപാൽ പക്ഷം പതിവ് പോലെ ‘തീരുമാനം ഹൈക്കമാണ്ട് എടുക്കട്ടേ’ എന്ന നിലപാടിലാണ്. രാജ്യസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചിട്ടുണ്ട്.

യുവാക്കളെ പരിഗണിക്കണമെന്ന് ദേശീയ നേതൃത്വം പറഞ്ഞിട്ടുണ്ട്. പട്ടികയില്‍ ഹൈക്കമാൻഡ് ശ്രീനിവാസൻ കൃഷ്ണന്‍റെ പേര് നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം സോണിയയോട് നിലപാട് വ്യക്തമാക്കും. തൃശൂർ സ്വദേശിയായ ശ്രീനിവാസൻ (57) ‘പ്രിയങ്ക ബ്രിഗേഡി’ലെ അംഗമായാണ് അറിയപ്പെടുന്നത്. എ.ഐ.സി.സി. നേതാക്കളുമായി ഉറ്റബന്ധം പുലർത്തുന്ന അദ്ദേഹം ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് മുൻ ഉദ്യോഗസ്ഥനാണ്. 1995-ൽ കെ. കരുണാകരൻ കേന്ദ്രമന്ത്രിയായിരിക്കേ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി പ്രവർത്തിച്ചു. നിലവിൽ, തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയാണ്.

കേരളത്തിൽ. പാർട്ടിക്കായി വിയർപ്പൊഴുക്കുന്ന നിരവധി നേതാക്കളുണ്ടായിരിക്കേ ഹൈക്കമാൻഡ് നോമിനിയെ കെട്ടിയിറക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണു സംസ്ഥാനഘടകത്തിന്റെ പൊതുനിലപാട്. അതിനിടെ, പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവിന്റെ മുൻ ബിസിനസ് പങ്കാളിയാണ് ശ്രീനിവാസ് കൃഷ്ണനെന്ന് ഉറപ്പായിട്ടുണ്ട്. വാദ്രയുമായി ബന്ധപ്പെട്ട പല എൻഫോഴ്‌സ്‌മെന്റ് കേസിലും സംശയ നിഴലിലാണ്. ഈ സാഹചര്യത്തിലാണ്, ശ്രീനിവാസിന് വേണ്ടി ഹൈക്കമാണ്ടിന്റെ ചരടു വലികൾ. ഇഡി നടപടികളുണ്ടായാൽ രാജ്യസഭാ അംഗമെന്ന പദവി ശ്രീനിവാസിന് അനുഗ്രഹമാകും. അതിന്റെ പരിരക്ഷ കിട്ടും.

ഇതിനൊപ്പം, വിമാനത്താവളത്തിലും മറ്റും വിവിഐപി പരിഗണനയും ഉണ്ടാകും. കാറിൽ എംപി ബോർഡുമായി ആരേയും ഭയക്കാതെ നടക്കുകയും ചെയ്യാം. ഇതിന് വേണ്ടിയാണ് ശ്രീനിവാസിനെ മുമ്പോട്ട് വയ്ക്കുന്നതെന്ന വിലയിരുത്തലും ഉണ്ട്. എം. ലിജുവും സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കപ്പെടുന്ന ആളാണെന്ന് സുധാകരൻ പറഞ്ഞു. മുകളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ അനുസരിച്ചാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക. കെപിസിസി പാനൽ തയ്യാറാക്കിയിട്ടില്ല. നിരവധി പേരുടെ അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button