തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ പോലീസിൽ പ്രത്യേക സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ക്രൈബ്രാഞ്ചിനു കീഴിൽ ആരംഭിക്കുന്ന ഈ വിഭാഗത്തിൻ്റെ പ്രവർത്തനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുമെന്നും, ഇതിനായി 233 തസ്തികകൾ സൃഷ്ടിക്കും. 226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമാണ് സൃഷ്ടിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഇൻ്റർനെറ്റ് സാങ്കേതിക വിദ്യയുടെ വളർച്ചയോടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. വിദേശത്ത് പ്രവാസി മലയാളികൾ ചെയ്യുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ പോലും കേരളാ പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. സമ്പദ് വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ തടയാനുള്ള ശക്തമായ ഇടപെടൽ അനിവാര്യമാണ്’, പിണറായി വിജയൻ വ്യക്തമാക്കി.
‘ഇത്തരത്തിലുള്ള സാമൂഹികമായ അരക്ഷിതാവസ്ഥയുടെ ഭാഗമായാണ് പുതിയ വിഭാഗം പോലിസ് വകുപ്പ് ആരംഭിക്കുന്നത്. സങ്കീർണ്ണമായ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടുന്ന കേസുകൾ കൈകാര്യം ചെയ്യേണ്ടി വരുന്നതിനാൽ സാങ്കേതിക വൈദഗ്ധ്യം നേടിയ അന്വേഷകരും അവർക്ക് പ്രവർത്തിക്കാൻ ആവശ്യമായ ആധുനിക സൗകര്യങ്ങളും സജ്ജമാക്കും’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments