തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം, ശക്തിപ്രാപിച്ച് ചുഴലിക്കാറ്റ് ആയി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍, സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഇതിന്റെ ഭാഗമായി രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Read Also : ‘സത്യത്തിന്‍റെ ധീരമായ ആവിഷ്കരണം’: ദ കശ്മീര്‍ ഫയല്‍സിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കി അമിത് ഷാ
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ സാദ്ധ്യത പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ട്. ഇതില്‍ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുക. ഈ രണ്ട് ജില്ലകളിലുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് മാര്‍ച്ച് 21 ഓടെ ആന്തമാന്‍ തീരത്തിനു സമീപത്തു വച്ചാണ് ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. മാര്‍ച്ച് 23 ഓടെ ബംഗ്ലാദേശ് -മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിച്ചേക്കും.
Post Your Comments