വാഷിംഗ്ടണ്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധം 20-ാം ദിവസവും തുടരുന്നതിനിടെ, വിലകിഴിവുള്ള റഷ്യയുടെ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങുന്നത് അമേരിക്കന്‍ ഉപരോധത്തിന്റെ ലംഘനമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രസ് സെക്രട്ടറി ജെന്‍ സാകി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ്
ഇക്കാര്യം പറഞ്ഞത്.
Read Also : ഇന്ത്യയുമായി സൗഹൃദത്തിനൊരുങ്ങി ചൈന: ചെെനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്
‘ഞങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പാലിക്കണമെന്നാണ് ലോകരാജ്യങ്ങളോട് പറയാനുള്ളത്. എന്നാല്‍, റഷ്യയില്‍ നിന്നും കുറഞ്ഞവിലക്ക് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം നിലവില്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് വിരുദ്ധമാകില്ല’, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.
റഷ്യയെ പിന്തുണക്കുന്നത് യുക്രെയ്ന്‍ അധിനിവേശത്തിന് പിന്തുണ നല്‍കുന്നതിന് സമാനമാണ്. ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും യു.എസ് പ്രസ് സെക്രട്ടറി പറഞ്ഞു. റഷ്യയില്‍ നിന്നും കുറഞ്ഞ വിലക്ക് എണ്ണവാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വന്‍തോതില്‍ ഉയരുന്നതിനിടെയാണ് കുറഞ്ഞ വിലക്ക് എണ്ണയെന്ന റഷ്യയുടെ ഓഫര്‍ സ്വീകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയാണെങ്കിലും, ഇതുവരെ അതില്‍ കേവലം 1 ശതമാനം മാത്രമായിരുന്നു റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ എണ്ണവില 40 ശതമാനം വരെ ഉയര്‍ന്ന സാഹചര്യത്തില്‍, ഇന്ത്യയ്ക്ക് മുന്‍പിലുള്ള ഏക വഴി പുടിന്‍ നല്‍കിയ വാഗ്ദാനം സ്വീകരിക്കുക എന്നതാണ്.
നിലവില്‍ ഇറാഖാണ് ഇന്ത്യയ്ക്ക് ഏറ്റവുമധികം ക്രൂഡ് ഓയില്‍ നല്‍കുന്നത്. 2021 ലെ കണക്കനുസരിച്ച് മൊത്തം ഇറക്കുമതിയുടെ 25 ശതമാനം ഇറാഖില്‍ നിന്നായിരുന്നു. സൗദി അറേബ്യയില്‍ നിന്നും 16 ശതമാനം ഇറക്കുമതി ചെയ്തപ്പോള്‍ 11 ശതമാനവുമായി യു എ ഇ മൂന്നാം സ്ഥാനത്തായിരുന്നു. നൈജീരിയ (8 ശതമാനം) അമേരിക്ക (7 ശതമാനം) എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന മറ്റു പ്രമുഖ രാജ്യങ്ങള്‍.
Post Your Comments