കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കാനാകില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ്, ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തും തള്ളിയും പ്രമുഖർ രംഗത്ത്. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്ന ഈ സാഹചര്യത്തിൽ, വിധിയെ കുറിച്ച് രാഷ്ട്രീയ-സാംസകാരിക രംഗത്ത് നിന്നുള്ളവരുടെ വ്യത്യസ്ത പ്രതികരണം എന്തെന്ന് നോക്കാം.
‘വിശ്വാസത്തിന്‍റെ പേരിൽ നൂൽ ബന്ധം പോലുമില്ലാതെ പൂർണ്ണ നഗ്നരായി സന്യാസിമാർ സഞ്ചലനവും നീരാട്ടും നടത്തുന്ന രാജ്യമാണ് നമ്മുടേത്. അതവരുടെ വിശ്വാസമാണ്. ആർക്കും അതിൽ പരാതി തോന്നേണ്ട കാര്യമില്ല. എന്നാൽ സ്വന്തം ഇഷ്ട പ്രകാരവും വിശ്വാസ പ്രകാരവും ശരീര ഭാഗങ്ങൾ മറച്ച് വസ്ത്രം ധരിച്ചതിന്‍റെ പേരിൽ മുഖ്യധാരയിൽ നിന്ന് ചിലർ മാത്രം മാറ്റി നിർത്തപ്പെടുന്നത് വേദനാജനകമാണ്’, കെ.ടി ജലീൽ പ്രതികരിച്ചു.
‘ഇന്ത്യയെപ്പോലുള്ള ഒരു മതേതര ജനാധിപത്യ രാജ്യത്ത്, ഓരോ സ്ത്രീക്കും അവൾക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശമുണ്ട്. സ്ത്രീകൾ എന്ത് ധരിക്കണം, ധരിക്കരുത് എന്ന കാര്യത്തിൽ ആരും ഇടപെടേണ്ട. ഇക്കാര്യം ആരും നിർദ്ദേശിക്കുകയും ചെയ്യണ്ട. സ്‌കൂളുകളിൽ, എല്ലാവർക്കും ഒരേ നിറത്തിലുള്ള ശിരോവസ്ത്രം യൂണിഫോമായി അനുവദിക്കണം. തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകൾക്ക് നൽകാത്തത് എന്തുകൊണ്ടാണ്?’, കോൺഗ്രസിന്റെ ദേശീയ വക്താവ് ഷമ മുഹമ്മദ് പറഞ്ഞു.
Also Read:പോസ്റ്റ് മാറി കയറി : കെ-ഫോൺ കരാർ തൊഴിലാളിക്ക് ഷോക്കേറ്റ് പരിക്ക്
‘കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. യൂണിഫോം എന്നത് സകല വേർതിരിവുകളും ഇല്ലാതാക്കി, എല്ലാവരെയും സമന്മാരായി പരിഗണിക്കുന്നതിനാണ്. യൂണിഫോം വഴി ഇല്ലാതാകുന്നത് സാമ്പത്തിക വേർതിരിവുകളും, ജാതീയമായ, വർഗീയമായ, മതപരമായ വേർതിരിവുകളും ആണ്. യൂണിഫോം ഉള്ള സ്കൂളുകളിൽ പഠിക്കാനോ, സ്ഥാപനങ്ങളിൽ ജോലി ചെയ്യാനോ പോകുമ്പോൾ അവിടത്തെ സിസ്റ്റം അനുസരിച്ചുള്ള യൂണിഫോം തന്നെ ധരിക്കണം. ആ സ്ഥാപനത്തിന് പുറത്തു മാത്രമാണ് വ്യക്തിക്ക് ജീവിതം. ആ വ്യക്തി ജീവിതത്തിൽ എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നതെല്ലാം ഓരോ വ്യക്തിയുടെയും പേർസണൽ ചോയ്സ് ആണ്. ആ പേർസണൽ ചോയ്സിലേക്കുള്ള കടന്നുകയറ്റം മാത്രമാണ് മൗലീക അവകാശങ്ങളുടെ ലംഘനത്തിൽ ഉൾപ്പെടുക’, ആക്ടിവിസ്റ്റ് ജോമോൾ ജോസഫ് വ്യക്തമാക്കി.
‘വിധി വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. മുസ്ലിം മത വിശ്വാസ പ്രമാണങ്ങളെയും വിശ്വാസിയുടെ മൗലികാവകാശങ്ങളെയും ഹനിക്കുന്നതാണ് വിധി. ഇസ്ലാമില്‍ ഹിജാബ് അനിവാര്യമല്ല എന്ന കോടതി പരാമര്‍ശം ഇസ്ലാമിക പ്രമാണവിരുദ്ധമാണ്’, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ പ്രതികരിച്ചു.
കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമെന്നായിരുന്നു കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചത്. ഹിജാബിനെ അനുകൂലിച്ചായിരുന്നു അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ പ്രതികരണം. ആനയെ പിടിച്ചിട്ട് കിട്ടിയില്ലെങ്കിൽ അതിനെ ഓടാൻ അനുവദിക്കുക, അൽ ഹിജാബ് ലവ് എന്നായിരുന്നു ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.
Post Your Comments