KeralaLatest NewsNews

ബുർഖ, നിഖാബ് തുടങ്ങി മുഖം മറക്കുന്ന വസ്ത്രധാരണ രീതികൾ സ്‌കൂളുകളിൽ നിരോധിക്കണം: ബഷീർ വള്ളിക്കുന്ന്

കൊച്ചു പെൺകുട്ടികൾ പോലും ഇതുപോലുള്ള വേഷങ്ങൾ ധരിച്ച് സ്‌കൂളുകളിലേക്ക് പോകുന്നത് കാണുമ്പോൾ സത്യത്തിൽ സങ്കടമാണ് തോന്നാറുള്ളത്.

കൊച്ചി : കർണ്ണാടകയിൽ ഹിജാബ് നിരോധിച്ചതിന് പിന്നാലെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തുന്നുണ്ട്. മുഖം പൂർണ്ണമായി മൂടുന്ന ബുർഖയും കണ്ണുകൾ മാത്രം പുറത്ത് കാണുന്ന നിഖാബും ധരിച്ച പെൺകുട്ടികൾ കൂടിവരുകയാണ്. ഹിജാബ് വിവാദങ്ങളിൽ ശ്രദ്ധിക്കേണ്ട നാണയത്തിന്റെ മറുവശം ചൂണ്ടിക്കാണിക്കുകയാണ് ബഷീർ വള്ളിക്കുന്ന്.

read also: ഹൈക്കോടതി വിധിയെ കാറ്റില്‍പ്പറത്തി വിദ്യാര്‍ത്ഥിനികള്‍ കാമ്പസുകളിലെത്തിയത് ഹിജാബ് ധരിച്ച്

‘ഹിജാബ് വിവാദങ്ങളിൽ ശ്രദ്ധിക്കേണ്ട നാണയത്തിന്റെ മറുവശം കൂടിയുണ്ട്. അത് കൂടി പറയാതെ പോകുന്നത് ശരിയല്ല. മുഖം പൂർണ്ണമായി മൂടുന്ന ബുർഖയും കണ്ണുകൾ മാത്രം പുറത്ത് കാണുന്ന നിഖാബും ധരിച്ച പെൺകുട്ടികളെ കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ഇപ്പോൾ ധാരാളമായി കാണുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത ഒരു കാഴ്ചയാണത്.

കൊച്ചു പെൺകുട്ടികൾ പോലും ഇതുപോലുള്ള വേഷങ്ങൾ ധരിച്ച് സ്‌കൂളുകളിലേക്ക് പോകുന്നത് കാണുമ്പോൾ സത്യത്തിൽ സങ്കടമാണ് തോന്നാറുള്ളത്. മുഖമില്ലാത്ത രൂപങ്ങളായി സമൂഹത്തിൽ മുസ്‌ലിം പെൺകുട്ടികളെ വളർത്താനും ആ രീതി വ്യാപമാക്കാനും ശ്രമിക്കുന്ന തീവ്രചിന്താഗതിക്കാരാണ് ശിരോവസ്ത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ മുസ്ലിം സമൂഹത്തിന്റെ ആന്തരിക ശത്രുക്കളെന്നത് പറയാതെ വയ്യ. ഹിജാബ് വിവാദത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുവാനും അതിന് വേണ്ട നിയമനിർമ്മാണങ്ങൾ സ്ഥാപിച്ചെടുക്കാനും ഫാസിസ്റ്റുകളെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് ഇക്കൂട്ടരാണ്.

സാമൂഹിക ജീവിതത്തിൽ മുഖം പ്രധാനമാണ്. അതൊരു വ്യക്തിയുടെ ഐഡന്റിറ്റിയാണ്. അത് മറച്ചു കൊണ്ട് ഒരാൾ സമൂഹത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇടപഴകുന്നവരെ തിരിച്ചറിയാനുള്ള വ്യക്തികളുടെ അവകാശത്തെ അത് റദ്ദ് ചെയ്യുകയാണ്. മനുഷ്യർ തമ്മിൽ നേരിട്ടുള്ള ആശയവിനിമയത്തിന്റെ സുപ്രധാനതലം തന്നെ മുഖമാണ്. സ്‌കൂളുകളിലാവട്ടെ, പൊതു ഇടങ്ങളിലാവട്ടെ മനുഷ്യർ ഇടപഴകുന്നത് മനുഷ്യരോടായിരിക്കണം, മുഖം മൂടി ധരിച്ച രൂപങ്ങളോടാവരുത്. അത് സാമൂഹികമായ ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കും. തിരിച്ചറിയലിന്റെ മാത്രം പ്രശ്നമല്ല, സാമൂഹികമായ സുരക്ഷയുടെ കൂടി വിഷയമാണത്.

തല മറക്കാനുള്ള അവകാശത്തിന് വേണ്ടി, വ്യക്തിയുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയർത്തുമ്പോൾ ആ ശബ്ദത്തെ ദുർബലപ്പെടുത്തുന്ന ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുവാൻ മാത്രമേ ബുർഖയുടേയും നിഖാബിന്റേയും വ്യാപനം ഉപകരിക്കൂ.. മുഖം മറക്കുന്ന ഇത്തരം വസ്ത്രധാരണ രീതികൾ സ്‌കൂളുകളിൽ നിരോധിക്കണമെന്ന പക്ഷക്കാരനാണ് ഞാൻ. മുസ്‌ലിം സമൂഹത്തിൽ നിന്ന് തന്നെ ആ ആവശ്യം ശക്തമായി ഉയർന്നു വന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന ഒരാളുമാണ്. തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മൂടുന്ന വസ്ത്രങ്ങൾ നിരോധിച്ച എം ഇ എസിന്റെ നടപടി ആ അർത്ഥത്തിൽ വളരെ ക്രിയാത്മകമായ ഒരു ചുവട് വെപ്പായിരുന്നു. ലക്ഷക്കണക്കിന് മനുഷ്യർ ഒത്തു കൂടുന്ന ഹജ്ജ് വേളയിൽ പോലും മുഖം മറക്കരുതെന്നാണ് ഇസ്‌ലാമിന്റെ കല്പന. അത്തരം കല്പനകളുടെ ജൈവിക പ്രസക്തിയെപ്പോലും പരിഹസിക്കുന്നതാണ് മുഖം പൊതിഞ്ഞു മറയ്ക്കുന്ന വസ്ത്രധാരണ രീതികൾ.

മുഖം മൂടികളെ വളർത്തിക്കൊണ്ടു വരാൻ വേണ്ടി നിഖാബും ബുർഖയും യൂണിഫോമുകളാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെങ്കിൽ അവരാണ് മുസ്‌ലിം സമൂഹത്തിന്റെ ഒറിജിനൽ ശത്രുക്കൾ. ഈ സമുദായത്തിലെ പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് അകറ്റാനും അവരുടെ സാമൂഹിക സാന്നിധ്യത്തെ കുഴിച്ചു മൂടുവാനും ശ്രമിക്കുന്നവർ മുസ്ലിംകളുടെ ശത്രുക്കളല്ലെങ്കിൽ പിന്നെ മറ്റാരാണ് മുസ്ലിംകളുടെ ശത്രുക്കൾ. പതിറ്റാണ്ടുകളായി എതിർപ്പുകളില്ലാതെ മുസ്‌ലിം പെൺകുട്ടികൾ അനുഭവിച്ചു വരുന്ന തലയിൽ തട്ടമിടാനുള്ള സ്വാതന്ത്ര്യത്തിനാണ് മുസ്‌ലിം പെൺകുട്ടികളുടെ സമരമെന്നും അത് മുഖംമൂടി ധരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയല്ലെന്നും കൃത്യമായി തിരിച്ചറിയുന്ന പ്രതിരോധനിരയാണ് ആവശ്യമായിട്ടുള്ളത്.

മുഖമില്ലാത്ത ആൾരൂപങ്ങളെ പൊതു ഇടങ്ങളിൽ കാണുമ്പോൾ അത് ഇതര സമുദായങ്ങളിൽ സൃഷ്ടിക്കുന്ന മനോവികാരമെന്തെന്ന് മനസ്സിലാക്കാൻ കൂടി മുസ്‌ലിം സമൂഹത്തിന് സാധിക്കണം. അതിനെക്കൂടി ക്രിയാത്മകമായി അഡ്രസ്സ് ചെയ്തു കൊണ്ടല്ലാതെ ഹിജാബ് വിവാദത്തിൽ ബഹുസ്വരമായ ഒരു പ്രതിരോധം തീർക്കാനാവില്ല. ‘- ബഷീർ വള്ളിക്കുന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button