ആലപ്പുഴ: കൊഴുവല്ലൂരിൽ വയോധികയുടെ വീട്ടുമുറ്റത്തെ അടുപ്പുകല്ല് പൊളിച്ച് കെ റെയിലിന് കല്ലിട്ട് അധികൃതർ. 64 വയസ്സുള്ള തങ്കമ്മയുടെ ആകെയുള്ള മൂന്നര സെന്റിലുള്ള വീടിന്റെ പുറത്ത് കൂട്ടിയ അടുപ്പ്കല്ല് മാറ്റിയാണ് ഉദ്യോഗസ്ഥർ കെ റെയിലിന് കല്ലിട്ടത്. 20 വയസ്സുകാരൻ മകൻ ടെറ്റസിനൊപ്പം ഒറ്റമുറി വീട്ടിലാണ് തങ്കമ്മ താമസിച്ചുവരുന്നത്. വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് നാട്ടുകാർ രംഗത്തെത്തി. ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെ സമീപവാസികൾ കല്ല് പിഴുതെറിഞ്ഞു.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കാൻ തങ്കമ്മ അപേക്ഷ നൽകിയിരുന്നു. നേരത്തേ റേഷൻ കാർഡ് ഇല്ലാത്തതിനാൽ, വീട് നിർമ്മിക്കാനുള്ള വയോധികയുടെ അപേക്ഷ തള്ളിപ്പോയി. ഇത്തവണ റേഷൻ കാർഡ് ശരിയാക്കിയ തങ്കമ്മ, ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കുന്നത് കാത്തിരിക്കുന്നതിനിടെയാണ്, കെ റെയിലിന്റെ കല്ല് അവരുടെ അന്നം മുടക്കിയത്. അവരുടെ സഹോദരൻ വീട് നിർമ്മിക്കാൻ ഈ മൂന്ന് സെന്റ് എഴുതി നൽകുകയായിരുന്നു.
അതേസമയം, കൊഴുവല്ലൂരിലെ തന്നെ പള്ളി വക ഭൂമിയിൽ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ വിശ്വാസികൾ തടഞ്ഞു. സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വക ഭൂമിയിലാണ് അധികൃതർ കല്ലിടാൻ എത്തിയത്.
Post Your Comments