കൊച്ചി: മീഡിയാ വണ്‍ ചാനലിന്റെ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ചാനൽ എഡിറ്റര്‍ പ്രമോദ് രാമന്‍. നീതി കിട്ടിയെന്ന് അദ്ദേഹം പ്രതികരിച്ചു. മാധ്യമം ബ്രോഡ്കാസ്റ്റിങ്ങിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന രീതിയില്‍ ചാനലിന് പ്രവര്‍ത്തനം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Also Read:അക്ഷരാർത്ഥത്തിൽ അന്നം മുടക്കി കെ റെയിൽ: ആലപ്പുഴയിൽ അടുപ്പുകല്ല് പൊളിച്ച് കല്ലിട്ട് അധികൃതർ
അതേസമയം, മീഡിയാ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ, കേന്ദ്ര സർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്ക് പിന്നാലെയാണ്, സ്റ്റേ ആവശ്യപ്പെട്ട് ചാനൽ അധികൃതർ സുപ്രീം കോടതിയെ സമീപിച്ചത്. ചെയ്ത കുറ്റം എന്താണെന്ന് അറിയാതെ ശിക്ഷ ഏറ്റുവാങ്ങേണ്ട ഗതിയാണ് ഉള്ളതെന്ന് പ്രമോദ് രാമൻ നേരത്തെ പ്രതികരിച്ചിരുന്നു. സുപ്രീം കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘നിരോധന സാധ്യതയുള്ള വാർത്തകൾ ജനങ്ങൾക്ക് മുന്നിലേക്ക് അല്ലേ പോകുന്നത്? അത്തരം വാർത്തകൾ കണ്ടിട്ടുണ്ടെങ്കിൽ, എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത്. അത്തരം ഉള്ളടക്കങ്ങൾ ഉണ്ടെങ്കിൽ, നടപടിയെടുക്കാൻ കഴിയുമല്ലോ. അപ്പോൾ, അതൊന്നും അല്ല ഇവരുടെ പ്രശ്നം’, പ്രമോദ് രാമൻ പറഞ്ഞു. മീഡിയാ വണ്ണിന്റെ ഉള്ളടക്കത്തില്‍, രാജ്യദ്രോഹപരമായി ദേശസുരക്ഷക്ക് ഭീഷണിയാകുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ആളെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന് തന്നെ അറസ്റ്റ് ചെയ്യാമെന്ന് പ്രമോദ് രാമന്‍ മുൻപ് പറഞ്ഞതും ഏറെ ചർച്ചയായിരുന്നു.
Post Your Comments