സൗത്ത് കരോലിന: റഷ്യ – ഉക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ മാർഗ്ഗമുണ്ടെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ പ്രസിഡന്റ് ജോ ബൈഡന് മുന്നിൽ വഴികളുണ്ടായിട്ടും, അദ്ദേഹത്തിന്റെ ഭീരുത്വവും കഴിവില്ലായ്മയും മൂലമാണ് ഇപ്പോഴും രക്തച്ചൊരിച്ചിൽ നടക്കുന്നതെന്ന് ട്രംപ് തുറന്നടിച്ചു. ശനിയാഴ്ച സൗത്ത് കരോലിനയിലെ ഫ്ലോറൻസിൽ നടന്ന റാലിയിൽ തന്റെ അനുയായികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോ ബൈഡന്റെ ഭരണത്തിന് കീഴിൽ ഉക്രൈൻ സംഘർഷം കൂടുതൽ രൂക്ഷമാവുകയേ ഉള്ളൂ എന്ന് അദ്ദേഹം തുറന്നടിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി സംസാരിക്കാൻ യു.എസിന് ആരുമില്ലെന്ന് അദ്ദേഹം പരിഹസിക്കുന്നു. ഉക്രൈനിലെ പ്രതിസന്ധിക്ക് പിന്നാലെ, ക്രൂഡ് ഓയിലിന്റെ അടക്കം വില വർദ്ധിക്കുന്നത് ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാൻ കാരണമായി മാറുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കക്കാരെ ഭയാനകവും രക്തരൂക്ഷിതവുമായ യുദ്ധത്തിന്റെ കെണിയിൽ നിന്നും രക്ഷപ്പെടുത്താൻ മുന്നിൽ ഇപ്പോഴും വഴികളുണ്ടെന്നും, ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ പരിശ്രമിച്ചാൽ സാധിക്കുമെന്നും അദ്ദേഹം അവകാവശപ്പെട്ടു. എന്നാൽ, ഇതിന് ബൈഡൻ ശ്രമിക്കുന്നില്ലെന്നാണ് ട്രംപിന്റെ ആരോപണം.
റഷ്യ- ഉക്രൈൻ പ്രശ്നം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന വിശകലനമാണ് ട്രംപ് നടത്തുന്നത്. റഷ്യൻ അധിനിവേശത്തെ അദ്ദേഹം വിമർശിച്ചു. ‘ഞങ്ങൾക്ക് അദ്ദേഹത്തോട് (പുടിൻ) സംസാരിക്കാൻ ആരുമില്ല’, ബൈഡനെ കൊള്ളിച്ച് മുൻ പ്രസിഡന്റ് പറഞ്ഞു. തന്റെ വ്യക്തിത്വമാണ് യുദ്ധത്തിൽ നിന്ന് ഇത്രയും കാലം അകറ്റി നിർത്തിയിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, റഷ്യയും ഉക്രൈനും തമ്മിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കത്തെക്കുറിച്ചുള്ള ചർച്ചകൾ ഫെബ്രുവരി പകുതിയോടെ പ്രചരിച്ചെങ്കിലും, ഈ മാസം 24 ന്, ആണ് യുദ്ധം ആരംഭിച്ചത്.
Post Your Comments