അബുദാബി: ശിശു സംരക്ഷണത്തിനായി 120 പേരെ ജുഡീഷ്യൽ ഓഫീസർമാരായി നിയമിച്ച് അബുദാബി. കുട്ടികളുടെ പരിചരണം, സംരക്ഷണം, സുരക്ഷ, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുകയാണ് ഇവരുടെ ചുമതല. കുട്ടികളെ ദുരുപയോഗം ചെയ്യുക, അവഗണിക്കുക, ചൂഷണം ചെയ്യുക, അക്രമത്തിന് ഇരയാക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാനുള്ള അധികാരവും ജുഡീഷ്യൽ ഓഫീസർമാർക്കുണ്ട്. കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കേസുകളും ഇവരുടെ ചുമതലയാണ്.
യുഎഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (എഡിജെഡി) ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ശിശുസംരക്ഷണ വിദഗ്ധർക്കു ഈ പദവി നൽകുന്നതിലൂടെ കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും നേരത്തേ കണ്ടെത്തി നടപടി സ്വീകരിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജുഡീഷ്യൽ ഡിപ്പാർട്മെന്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജുഡീഷ്യൽ ഓഫീസർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അബുദാബി അറ്റോർണി ജനറൽ കൗൺസിലർ അലി മുഹമ്മദ് അൽബ്ലൂഷിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
Post Your Comments