തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൻ്റെ നിർമ്മാണങ്ങൾക്ക് ഇനി മുതൽ സംയുക്ത ടെൻഡർ നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിഷയത്തിൽ വകുപ്പ് തീരുമാനം എടുത്തതായി മന്ത്രി നിയമസഭയെ അറിയിച്ചു. നിർമ്മാണം പൂർത്തിയാക്കിയ ശേഷം കെട്ടിടങ്ങൾ ഇലക്ട്രിക്ക് ജോലികൾക്കായി വീണ്ടും പൊളിക്കുന്നത് ഇനി അനുവദിക്കില്ല. ഈ സാഹചര്യം ഒഴിവാക്കാനാണ് നിർമ്മാണ ജോലികൾക്ക് സംയുക്ത ടെൻഡർ നടപ്പാക്കുന്നത്. ജോലികൾ പൂർത്തിയാകാത്തതുകൊണ്ട് പല കെട്ടിടങ്ങളും തുറന്നു കൊടുക്കാൻ പറ്റുന്നില്ല. സംയുക്ത ടെൻഡർ നടപ്പാക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.
’16 സ്ട്രെച്ചുകളായി സംസ്ഥാനത്തെ ദേശീയപാത വികസനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബാക്കിയുള്ള സ്ട്രെച്ചുകൾക്ക് ഇതിനോടകം നിർമ്മാണ കരാർ നൽകി കഴിഞ്ഞു. ദേശീയപാത വികസനത്തിന് ആവശ്യമായ ഭൂമിയുടെ 91.77 ശതമാനവും ഏറ്റെടുത്തു കഴിഞ്ഞു’ നിയമസഭയെ മന്ത്രി മുഹമ്മദ് റിയാസ് രേഖാമൂലം അറിയിച്ചു.
അതേസമയം, എസ്.എസ്.എൽ.സി – പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയയിൽ നിന്ന് 70 ശതമാനം ചോദ്യങ്ങൾ മാത്രമേ ഉൾപ്പെടുത്തുകയുള്ളുവെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ബാക്കി 30 ശതമാനം ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നാണ് ഉണ്ടാവുക. എല്ലാ കുട്ടികൾക്കും അവരുടെ മികവിന് അനുസരിച്ച് സ്കോർ നൽകാനാണ് ഇത്തരത്തിൽ ഒരു സംവിധാനം ഒരുക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments