ഇസ്ലാമാബാദ് : ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിൽ പതിച്ച മിസൈലിനെച്ചൊല്ലി പാകിസ്ഥാൻ സർക്കാരിൽ വിവാദം പുകയുകയാണ്. മിസൈൽ കൃത്യസമയത്ത് കണ്ടെത്താത്തതിന്റെ പേരിൽ പാകിസ്ഥാൻ ഒരു എയർഫോഴ്സ് കമാൻഡറെയും രണ്ട് എയർ മാർഷലുകളെയും പുറത്താക്കിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ശിക്ഷ എന്ന വാക്ക് ഒഴിവാക്കി നിർബന്ധിത വിരമിക്കൽ എന്നാണ് ഇവരെ ഒഴിവാക്കിയതിനെ പാക് സർക്കാർ വിശേഷിപ്പിക്കുന്നത്.
സംഭവം, പാകിസ്ഥാനിലെ മാധ്യമങ്ങളിലും സർക്കാർ തലത്തിലും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചതിന് പിന്നാലെയാണ് നടപടി. ഇന്ത്യൻ മിസൈൽ, മിയാൻ ചന്നു മേഖലയിൽ പതിച്ചതോടെ, പാക് സൈന്യത്തിൽ പരിഭ്രാന്തി പടർന്നതായി ചില മാധ്യമങ്ങൾ പറയുന്നു . വ്യോമസേനാ ഉപമേധാവിയെയും രണ്ട് എയർ മാർഷലുമാരെയും പുറത്താക്കിയതും ഇതിനു പിന്നാലെയാണ്.
ഇന്ത്യ സംഭവം വെളിയിൽ വിട്ടതിന് ശേഷം മാത്രമാണ്, പാകിസ്ഥാൻ ഇത് അറിഞ്ഞത് തന്നെ. അതേസമയം, മിസൈൽ പതിച്ചത് പാകിസ്ഥാനിലെ ആൾ താമസമില്ലാത്ത സ്ഥലത്തായിരുന്നു. സാങ്കേതിക തകരാർ കാരണം മിസൈൽ തനിയെ ലോഞ്ച് ആകുകയായിരുന്നെന്നാണ് ഇത് സംബന്ധിച്ച് ഇന്ത്യ നൽകിയ ഔദ്യോഗിക വിശദീകരണം. എന്നാൽ ഇതിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.
Post Your Comments