തിരുവനന്തപുരം: കെ റയിൽ പദ്ധതിയിൽ വിമർശനം ഉന്നയിച്ച് മെട്രോമാൻ ഇ ശ്രീധരൻ വീണ്ടും രംഗത്ത്. ഡിപിആറിലെ പാളിച്ചകൾ കാണിച്ച് അദ്ദേഹം മുഖ്യമന്ത്രി വീണ്ടും കത്തെഴുതി. പറഞ്ഞുകേട്ടതിനേക്കാള്‍ വലിയ അബദ്ധമാണ് കെ റയിലിന്റെ ഡിപിആറെന്ന് അദ്ദേഹം കത്തിൽ കുറിച്ചു.
കെ റെയില്‍ എംഡിയോ ഗവണ്മെന്റ് സെക്രട്ടറിമാരില്‍ ആരെങ്കിലുമോ ഭയംകൂടാതെ ഈ പൊള്ളത്തരങ്ങള്‍ തുറന്നു പറയുമെന്നായിരുന്നു പ്രതീക്ഷയെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ആ പ്രതീക്ഷ ഇപ്പോഴും അസ്തമിച്ചിട്ടില്ലെന്നും ഒരു സാധാരണ പൗരനെന്ന നിലയിലുള്ള ആശങ്ക കൊണ്ടാണു വീണ്ടും ഇക്കാര്യം ചൂണ്ടിക്കാട്ടി താങ്കള്‍ക്കു കത്തയയ്ക്കുന്നതെന്നും ഇ.ശ്രീധരന്‍ കത്തിൽ പറയുന്നു.
‘സാങ്കേതികമായി ഒട്ടേറെ പിഴവുകളുള്ള ഇതുപോലൊരു ഡിപിആര്‍ മറ്റൊരിടത്തും കണ്ടിട്ടില്ല. വലിയ പദ്ധതികളുടെ മൊത്തം ചെലവ് സാധാരണയായി എസ്റ്റിമേറ്റഡ് ചെലവിന്റെ അടിസ്ഥാനത്തിലല്ല തീരുമാനിക്കുകയെന്നും മുന്‍പും ചര്‍ച്ച ചെയ്തതാണ്. പദ്ധതി പൂര്‍ത്തിയാക്കുന്നതു വരെയുള്ള ചെലവിന്റെ (കംപ്ലീഷന്‍ കോസ്റ്റ്) അടിസ്ഥാനത്തില്‍ വേണം പദ്ധതിച്ചെലവിനെ വിലയിരുത്താന്‍.
കംപ്ലീഷന്‍ കോസ്റ്റ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആറില്‍ വലിയ തോതില്‍ ചുരുക്കിയാണു കാണിച്ചിരിക്കുന്നത്. ഇതു ബോധപൂര്‍വമോ അതോ അറിവില്ലായ്മ കൊണ്ടോ എന്നു വ്യക്തമല്ല. പദ്ധതി എങ്ങനെയെങ്കിലും പാസാക്കിയെടുക്കുക എന്നതിനപ്പുറം ഇതു യാഥാര്‍ഥ്യമാക്കുന്നത് എങ്ങനെയെന്ന പ്രായോഗിക ചിന്തയോ ആശയമോ പരിശ്രമമോ നടത്തിയതായി ഡിപിആറില്‍ കാണുന്നില്ല, വ്യക്തവുമല്ല’, മെട്രോമാൻ കത്തിൽ കുറിച്ചു.
Post Your Comments