മുംബൈ: ഐപിഎൽ 15-ാം സീസണിന് ഒരുങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് തിരിച്ചടി. ഐപിഎല്‍ സമയത്ത് ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് പരമ്പര നടക്കുന്നതാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്. നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ പ്രധാന താരങ്ങളെല്ലാം ടീമിനൊപ്പം വേണമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം.
ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായ ആന്റിച്ച് നോര്‍ജെ, കഗിസോ റബാദ, എയ്ഡന്‍ മാര്‍ക്രം, മാര്‍കോ ജാന്‍സന്‍ എന്നിവരെല്ലാം ദേശീയ ടീമിനൊപ്പം ചേരേണ്ടി വരും. ഈ മാസം 18നാണ് ദക്ഷിണാഫ്രിക്ക- ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഏപ്രില്‍ 12 വരെ പരമ്പര നീളും. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്. ഐപിഎല്‍ മത്സരങ്ങള്‍ 26നാണ് ആരംഭിക്കുക.
ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ദേശീയ ടീമിനൊപ്പം നിന്നാല്‍ തിരിച്ചെത്താന്‍ ഏപ്രില്‍ 20 എങ്കിലും ആവും. പിന്നീട് ക്വാറന്റൈനിലും കഴിയേണ്ടിവരും. പകുതിയോളം ഐപിഎൽ മത്സരങ്ങള്‍ നഷ്ടമാവുമെന്നാണ് കണക്കുകൂട്ടല്‍. അവസാന തീരുമാനം ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടേതാണ്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറും ഇക്കാര്യത്തല്‍ ബോര്‍ഡിനൊപ്പമാണ്. ദേശീയ ടീമാണോ ഐപിഎല്ലാണോ വലുതെന്ന് താരങ്ങള്‍ തീരുമാനിക്കാനാണ് അദ്ദേഹം പറഞ്ഞത്.
‘ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഓരോ ടെസ്റ്റ് പരമ്പരയും. അതുകൊണ്ട് തന്നെ ഓരോ പരമ്പരയും വളരെ പ്രധാനപ്പെട്ടതാണ്. ദേശീയ ടീമാണോ ഐപിഎല്ലാണോ വലുതെന്ന് താരങ്ങള്‍ തീരുമാനിക്കട്ടെ’ എല്‍ഗാര്‍ പറഞ്ഞു.
Post Your Comments