തിരുവനന്തപുരം: സെക്രട്ടറിയേറ്റിനും, വൈദ്യുതി ഭവനും പിന്നാലെ, ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതലയും സംസ്ഥാന വ്യവസായ സുരക്ഷാ സേന ഏറ്റെടുക്കാൻ ഒരുങ്ങുന്നു. നിലവിൽ പൊലീസിന്റെ ദ്രുതകർമ്മ സേനയാണ് ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല വഹിക്കുന്നത്. സംസ്ഥാന ഇന്റലിജൻസാണ് എസ്.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിയോഗിക്കണമെന്ന് റിപ്പോർട്ട് നൽകിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപത്ത് വരെ പ്രതിഷേധങ്ങൾ എത്തി തുടങ്ങിയതോടെയാണ്, സെക്രട്ടറിയേറ്റിന്റെ സുരക്ഷ സർക്കാർ സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് കൈമാറുന്നത്. പൊലീസ് വലയം മറികടന്ന് പ്രതിഷേധക്കാർ പലപ്പോഴും ക്ലിഫ് ഹൗസിന് സമീപം എത്തി. ഇതോടെയാണ്, ഡിഐജിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ അവലോകനം ചെയ്യാൻ, സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ്, സർക്കാർ ക്ലിഫ് ഹൗസിന്റെ സുരക്ഷയും ഇപ്പോൾ എസ്.ഐ.എസ്.എഫിനെ ഏൽപ്പിക്കാൻ ഒരുങ്ങുന്നത്.
ആദ്യ ഘട്ടത്തില്‍, വ്യവസായ സുരക്ഷാ സേന 20 അംഗങ്ങളെ ക്ലിഫ് ഹൗസിൽ നിയമിക്കും. അതേസമയം, ദ്രുതകർമ്മ സേനയും ക്ലിഫ് ഹൗസില്‍ തുടരും. ഘട്ടം ഘട്ടമായാണ് പൊലീസ് വ്യവസായ സുരക്ഷാ സേനയ്ക്ക് സുരക്ഷാ ചുമതല കൈമാറുക.
Post Your Comments