തിരുവനന്തപുരം: മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് നിർമ്മിക്കുന്നുവെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ മറുപടികളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. ലാഭകരമായി ഇവിടെ സ്പിരിറ്റ് നിർമ്മിക്കുന്നതിൽ ആർക്കാണ് പ്രശ്നമെന്നും, വിവാദമുണ്ടാക്കുന്നവർ ആരാണെന്ന ബോധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
‘കേരളത്തിൽ ലഭിക്കുന്ന സ്പിരിറ്റിൽ ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. അതുകൊണ്ട് തന്നെയാണ് കേരളത്തിൽ ഏറ്റവുമധികം ലഭ്യമായ കപ്പയിൽ നിന്ന് ചിലവ് കുറഞ്ഞ രീതിയിൽ ഇവിടെ തന്നെ സ്പിരിറ്റ് ഉത്പാദിപ്പിക്കാൻ ശ്രമിക്കുന്നത്. അത് ഇവിടെയുള്ള കർഷകരെ സംരക്ഷിക്കാനാണ്. മറ്റൊരു സംസ്ഥാനത്ത് നിന്ന് സ്പിരിറ്റ് കൊണ്ടുവന്ന്, ഇവിടെ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത് നഷ്ടമാണ്. അത് നികത്താനാണ് ഈ പ്രഖ്യാപനം’, അദ്ദേഹം വ്യക്തമാക്കി.
‘മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റ് വാങ്ങുന്നതിലും മദ്യം നിർമ്മിക്കുന്നതിലും ആർക്കും വിരോധമില്ല. ഇവിടെ നിർമ്മിക്കുമ്പോൾ മാത്രം എന്താണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ, മദ്യം നിർമ്മിക്കാനല്ല. ബയോ ഗ്യാസ് നിർമ്മിക്കാനാണ് സ്പിരിറ്റ് ഉത്പാദിപ്പിക്കുന്നത്. അത് മനസ്സിലാക്കാതെ വിമർശിക്കുന്നത് ശരിയായ നടപടിയല്ല’, ധനമന്ത്രി കെഎൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.
Post Your Comments